ഭക്ഷണ അവശിഷ്ടങ്ങൾ കുറക്കാൻ കർശന നിയമം വേണം
text_fieldsനസ്റ ബൂഅശ്വാൻ
മനാമ: ബഹ്റൈനിൽ ഭക്ഷണസാധനങ്ങൾ അമിതമായി പാഴാക്കുന്നവർക്കെതിരെ നിയമപരമായ നടപടികളും പിഴയും ഏർപ്പെടുത്തണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക നസ്റ ബൂഅശ്വാൻ. നിലവിൽ ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം വലിച്ചെറിയുന്ന രീതി സമൂഹത്തിന് ദോഷകരമാണെന്നും, ഇത് തടയാൻ കർശനമായ ശിക്ഷാ നടപടികൾ അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ‘സീറോ-വേസ്റ്റ്’ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന നസ്റക്ക് 23,000ത്തിലധികം ഫോളോവേഴ്സുണ്ട്.
രാജ്യത്തെ മാലിന്യ നിക്ഷേപ കേന്ദ്രമായ അസ്കറിൽ എത്തുന്ന മാലിന്യങ്ങളിൽ പകുതിയോളം ഭക്ഷണമാണെന്നാണ് റിപ്പോർട്ടുകൾ. റമദാൻ മാസത്തിൽ ഭക്ഷണ നിക്ഷേപം 35 ശതമാനം വരെ വർധിക്കുന്നു. വർഷംതോറും ഏകദേശം 1.46 ലക്ഷം ടൺ ഭക്ഷണം ബഹ്റൈനിൽ പാഴാകുന്നു എന്നാണ് യു.എൻ കണക്കുകൾ വ്യക്തമാക്കുന്നത്. ഏകദേശം 9.5 കോടി ബഹ്റൈൻ ദീനാറാണ് ഓരോ വർഷവും ഈ രീതിയിൽ നഷ്ടപ്പെടുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്നവ ശീലമാക്കുക, കേടാകുന്നതിന് മുമ്പ് ഭക്ഷണസാധനങ്ങൾ ഫ്രീസ് ചെയ്യുന്നത് വഴി അവ കൂടുതൽ കാലം ഉപയോഗിക്കാനും അമിതമായ വാങ്ങലുകൾ കുറക്കാനും സാധിക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് തുടർച്ചയായ അറിവ് നൽകണം എന്നിവയാണ് നസ്റ ബൂഅശ്വാൻ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.
നഗരസഭ മന്ത്രാലയം അടുത്തിടെ രാജ്യത്തുടനീളം 300ഓളം റീസൈക്ലിങ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം ഇതിലൂടെ 279 ടൺ പുനരുപയോഗ മാലിന്യങ്ങൾ ശേഖരിക്കാൻ സാധിച്ചു. കൂടാതെ, സ്കൂളുകളിൽ നിന്ന് ഉപയോഗിച്ച ക്രയോണുകൾ ശേഖരിച്ച് പുതിയവ നിർമിക്കുന്ന പദ്ധതിക്കും നസ്റ നേതൃത്വം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

