വിദേശി നിയമനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം
text_fieldsമനാമ: ബഹ്റൈനിലെ പൊതുമേഖലാ ജോലികളിൽ വിദേശികളെ നിയമിക്കുന്നതിന് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വീണ്ടും നിർദേശവുമായി പാർലമെന്റ്. നേരത്തെ നിർദേശത്തെ ശൂറ കൗൺസിൽ തള്ളിയിരുന്നെങ്കിലും, ശൂറ കൗൺസിലിന്റെ തീരുമാനത്തെ പാർലമെന്റ് തള്ളിക്കളയാൻ ഒരുങ്ങുകയാണ്.
പൗരന്മാർക്ക് തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് ഈ പരിഷ്കാരം അത്യാവശ്യമാണെന്നാണ് എം.പിമാർ വാദിക്കുന്നത്. സിവിൽ സർവിസ് നിയമത്തിലെ ആർട്ടിക്കിൾ 11ലെ ഈ ഭേദഗതി പ്രകാരം, യോഗ്യതയുള്ള ബഹ്റൈൻ പൗരൻ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇനി മുതൽ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും വിദേശികളെ നിയമിക്കാൻ സാധിക്കൂ. കൂടാതെ, നിയമിക്കപ്പെടുന്ന വിദേശിക്ക് മാസ്റ്റർ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ബഹ്റൈൻ ജീവനക്കാർക്ക് പരിശീലനം നൽകാനുള്ള കരാർ ബാധ്യതയും വിദേശി ജീവനക്കാർക്ക് ഉണ്ടാകും. വിദേശികൾക്കുള്ള കരാർ പരമാവധി രണ്ട് വർഷത്തേക്ക് ആയിരിക്കും. ഒരുതവണ മാത്രമേ ഇത് പുതുക്കാൻ സാധിക്കൂ, അതും ബഹ്റൈൻ അപേക്ഷകരൊന്നും തത്തുല്യമായ ജോലിക്ക് യോഗ്യരല്ലെന്ന് സിവിൽ സർവിസ് കമീഷൻ സാക്ഷ്യപ്പെടുത്തിയാൽ മാത്രം.
പാർലമെന്റ് നിയമനിർമാണ, നിയമകാര്യ കമ്മിറ്റി ചെയർമാൻ എം.പി മഹ്മൂദ് ഫർദാൻ പുതിയ മാനദണ്ഡങ്ങൾ തൊഴിൽ വിപണിയുടെ ആവശ്യകതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സിവിൽ സർവിസ് നിയമനങ്ങളെ ദേശീയ മുൻഗണനകളുമായി യോജിപ്പിക്കാൻ ഇത് അത്യാവശ്യമാണെന്നും പറഞ്ഞു.
കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ മന്ത്രാലയങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം കുറക്കുമെന്നും ഇത്തരം വിശദമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്താതെ എക്സിക്യൂട്ടിവ് ചട്ടങ്ങളിൽ നിലനിർത്തണമെന്നുമുള്ള സർക്കാറിന്റെ വാദങ്ങളെ എം.പി ഫർദാൻ തള്ളിക്കളഞ്ഞു. ഈ നിയമം കാര്യക്ഷമതയെ തടസ്സപ്പെടുത്തുന്നില്ല, മറിച്ച് സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഈ ഭേദഗതി ചൊവ്വാഴ്ചത്തെ പ്രതിവാര പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും ചർച്ച ചെയ്യും. ഇരുസഭകളും അവരുടെ നിലപാടുകളിൽ ഉറച്ചുനിന്നാൽ, ഈ നിയമം പിന്നീട് സംയുക്ത സഭയുടെ പരിഗണനക്ക് ഷെഡ്യൂൾ ചെയ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

