പരസ്യനിയമത്തിൽ കർശന ഭേദഗതിക്ക് നിർദേശം; പിഴ വർധിപ്പിച്ചു, തടവ് ശിക്ഷയും
text_fieldsമനാമ: രാജ്യത്തെ പരസ്യ മേഖലയിലെ മേൽനോട്ടം കാര്യക്ഷമമാക്കാനും നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കരട് നിയമം സർക്കാർ പാർലമെന്റിലേക്ക് അയച്ചു. 1973ലെ പരസ്യ നിയമത്തിൽ കാര്യമായ ഭേദഗതികൾ വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. അനധികൃതമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്കും മുനിസിപ്പൽ ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തുന്നതിനും പിഴ വർധിപ്പിക്കുകയും തടവുശിക്ഷ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കരട് നിയമം.
പരസ്യ മേഖലയെ ദോഷകരമായ പ്രവണതകളിൽനിന്ന് സംരക്ഷിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ റെഗുലേറ്ററി സംവിധാനം ഉറപ്പാക്കുന്നതിനും ഈ നിയമം ഒരു പ്രധാന ചുവടുവെപ്പാണെന്ന് പാർലമെന്റ് പൊതു യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു.
കരട് നിയമം 1973ലെ നിയമത്തിലെ അഞ്ച് പ്രധാന ആർട്ടിക്കിളുകൾ പരിഷ്കരിക്കുന്നുണ്ട്. ഇതിൽ ആർട്ടിക്കിൾ (16) ശ്രദ്ധേയമാണ്. ലൈസൻസ് ഇല്ലാതെ പരസ്യം ചെയ്യുകയോ ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുകയോ, അനുമതികൾ നേടുന്നതിന് തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ, സർക്കാർ ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തുകയോ രേഖകൾ തടഞ്ഞുവെക്കുകയോ ചെയ്യുന്നവർക്ക് 1,000 ദീനാർ മുതൽ 20,000 ദീനാർ വരെ പിഴയും തടവുശിക്ഷയും ചുമത്താൻ ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ, നിയമം ലംഘിച്ചവരുടെ ചെലവിൽ കുറ്റകരമായ പരസ്യം നീക്കം ചെയ്യാനും സൈറ്റ് അതിന്റെ യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനും കോടതികൾക്ക് അധികാരം ലഭിക്കും. ലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷകളുടെ കാഠിന്യം വർധിക്കും.ലൈസൻസുള്ള പരസ്യങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നതിനുള്ള പിഴ ആർട്ടിക്കിൾ (17) പ്രകാരം 50 ദീനാറിൽനിന്ന് 1,000 ദീനാർ വരെ വർധിപ്പിച്ചു.
സർക്കാർ സമർപ്പിച്ച ഓരോ ആർട്ടിക്കിളിന്റെയും വാചകം പാർലമെന്റ് കമ്മിറ്റി പൂർണമായി അംഗീകരിച്ചിട്ടുണ്ട്. കരട് നിയമം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്യുകയും വോട്ടെടുപ്പിനിടുകയും ചെയ്യും. പാസായാൽ, ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

