ഭക്ഷണ വിതണ വാഹനങ്ങൾക്കെതിരെ കർശന നടപടി
text_fieldsട്രാഫിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടികൂടിയ ഭക്ഷണ വിതരണ വാഹനങ്ങൾ
മനാമ: അലക്ഷ്യമായും നിയമം തെറ്റിച്ചും വാഹനമോടിക്കുന്ന ഭക്ഷണ വിതരണക്കാർക്കെതിരെ കർശന നടപടിയുമായി ട്രാഫിക് ഡയറക്ടറേറ്റ്. നിയമലംഘനം നടത്തുന്ന ബൈക്കുകളും മറ്റു വാഹനങ്ങളും ഒരു മാസത്തേക്ക് കസ്റ്റഡിയിലെടുത്ത് ശിക്ഷാനടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതേത്തുടർന്ന്, ഭക്ഷണ വിതരണക്കാർ ഗതാഗത നിയമം തെറ്റിക്കുന്നതിൽ കുറവുണ്ടായതായും അധികൃതർ അറിയിച്ചു.
അമിത വേഗത്തിലും നിയമങ്ങൾ പാലിക്കാതെയും ഭക്ഷണ വിതരണക്കാർ വാഹനമോടിക്കുന്നത് റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. ഡെലിവറി വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ഭക്ഷണ വിതരണക്കാർ മരണപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എമർജൻസി പാതയിലൂടെയും മറ്റു വാഹനങ്ങൾക്കിടയിലൂടെയും അലക്ഷ്യമായി ബൈക്കുകൾ ഓടിക്കുന്ന ഭക്ഷണ വിതരണക്കാർ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.
ട്രാഫിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടികൂടിയ ഭക്ഷണ വിതരണ വാഹനങ്ങൾ
കാൽനടക്കാർക്കുള്ള ലൈനുകൾ മുറിച്ചുകടന്നും എതിർ ദിശയിൽ സഞ്ചരിച്ചും ബൈക്കുകൾ അപകടസാഹചര്യം സൃഷ്ടിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. നിയമലംഘനം നടത്തുന്ന ഡെലിവറി ബൈക്കുകൾ പിടിച്ചെടുക്കാൻ നിരീക്ഷണം ശക്തമാക്കും. ഭക്ഷണ വിതരണക്കാർ റോഡ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭക്ഷണ വിതരണ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിയമങ്ങൾ കൃത്യമായി പാലിച്ച് ശിക്ഷാനടപടികൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. ഒരുനിമിഷത്തെ അശ്രദ്ധ ഒരു ജീവൻതന്നെ അപകടത്തിലാക്കുമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.