ഡെലിവറി വാഹനങ്ങൾക്കെതിരെ കർശന നടപടി
text_fieldsബഹ്‌റൈൻ സിവിൽ ട്രാഫിക് പട്രോൾ വിഭാഗം പിടിച്ചെടുത്ത ബൈക്കുകൾ
മനാമ: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ബഹ്‌റൈൻ സിവിൽ ട്രാഫിക് പട്രോൾ വിഭാഗം 169 മോട്ടോർ സൈക്കിളുകളും ഡെലിവറി വാഹനങ്ങളും പിടിച്ചെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിനാണ് ഇവ പിടിച്ചെടുത്തത്. അനധികൃത പാർക്കിങ്, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ലൈൻ അച്ചടക്കം ലംഘിക്കൽ, എമർജൻസി ലെയ്‌നുകളിലൂടെയുള്ള ഡ്രൈവിങ്, കാൽനടപ്പാതകൾ മുറിച്ചുകടക്കൽ, അശ്രദ്ധമായ ഡ്രൈവിങ് എന്നീ ലംഘനങ്ങളിലേർപ്പെട്ടവരെയാണ് പിടികൂടിയത്.
ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ അച്ചടക്കം വർധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിങ് രീതികൾ കൃത്യതയോടെ നിരീക്ഷിക്കുന്നതിനും സിവിൽ ട്രാഫിക് പട്രോൾ വിഭാഗം വഹിക്കുന്ന നിർണായക പങ്ക് ഡയറക്ടറേറ്റ് പ്രശംസിച്ചു. രാജ്യത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് പൊതുജന പങ്കാളിത്തവും ട്രാഫിക് അവബോധവും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. എല്ലാ മോട്ടോർ സൈക്കിൾ യാത്രികരും മറ്റ് റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

