സുരക്ഷയിൽ സഹകരണം ശക്തിപ്പെടുത്തണം; ബഹ്‌റൈനിൽ ‘മിലിട്ടറി സ്ട്രാറ്റജിക് പാർട്ണർ ഡയലോഗ്’ സംഘടിപ്പിച്ചു
text_fieldsബി.ഡി.എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ച സൈനിക പങ്കാളിത്ത ചർച്ചയിൽനിന്ന്
മനാമ: ജി.സി.സി രാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും സായുധ സേനാ മേധാവികളുടെ പങ്കാളിത്തത്തോടെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ആസ്ഥാനത്ത് ‘മിലിട്ടറി സ്ട്രാറ്റജിക് പാർട്ണർ ഡയലോഗ്’ (സൈനിക പങ്കാളിത്ത ചർച്ച) സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിരോധ സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി അയൽരാജ്യങ്ങളുമായും സഖ്യകക്ഷികളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ചർച്ച സംഘടിപ്പിക്കുന്നതിൽ യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പർ നൽകിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ ആശംസകൾ അദ്ദേഹം പ്രതിനിധികൾക്ക് കൈമാറി. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്ത അദ്ദേഹം, ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പൊതുവായ കാഴ്ചപ്പാടോടെയുള്ള പ്രതികരണങ്ങൾ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ലഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി പറഞ്ഞു. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

