അധ്യാപകരും രക്ഷിതാക്കളും ബന്ധം സുദൃഢമാക്കുക -ഡോ. സഅദുല്ലാ അൽ മുഹമ്മദി
text_fieldsറയ്യാൻ സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി, ട്രഷറർ ഹംസ അമേത്ത്, പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം എന്നിവർ ചേർന്ന് ഡോ. സഅദുല്ലക്ക് കൈമാറുന്നു
മനാമ: വളർന്നുവരുന്ന യുവതലമുറയെ വേവലാതിയോടെ നോക്കിക്കാണുന്നതിനു പകരം കൃത്യമായ ലക്ഷ്യബോധത്തോടെ വളർത്തുന്നതിലാണ് രക്ഷിതാക്കൾ വിജയം വരിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്ന യുവതലമുറയെ യുക്തിബോധത്തോടെയും സന്മാർഗിക ബോധത്തോടെയും വളർത്തിക്കൊണ്ടുവരുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ബാധ്യതയുണ്ടെന്നും അൽ മന്നായി സെന്റർ സയന്റിഫിക് സ്റ്റഡീസ് ഡയറക്ടർ ഡോ. സഅദുല്ലാ അൽ മുഹമ്മദി അഭിപ്രായപ്പെട്ടു. റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘പേരന്റ്സ് ഗാതറിങ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം, സമയം എന്നിവ ക്രമീകരിക്കാനും പരിശോധിക്കാനും നിയന്ത്രിക്കാനും ഇന്ന് ഒട്ടേറെ മാർഗങ്ങളുണ്ടെന്നിരിക്കെ, ഉപദേശ നിർദേശങ്ങൾ നൽകേണ്ട രക്ഷിതാക്കൾതന്നെ മുഴുനീളം സോഷ്യൽ മീഡിയയിലും ഭൗതിക തിരക്കുകളിലും പെട്ട് കുട്ടികളെ അവഗണിക്കുന്ന സമ്പ്രദായമാണ് ഇന്നത്തെ അപച്യുതിക്ക് ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ കൂടെ ചേർന്ന് രക്ഷിതാക്കളും സ്വന്തം കുട്ടികളെ സന്മാർഗിക തത്ത്വങ്ങൾ പഠിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും അതിനായി അൽ മന്നായി സെന്ററിന്റെയും റയ്യാൻ സെന്ററിന്റെയും നേതൃത്വത്തിൽ ഒട്ടേറെ മാർഗ നിർദേശക ക്ലാസുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയോടനുബന്ധിച്ച് റയ്യാൻ സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി, ട്രഷറർ ഹംസ അമേത്ത്, പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം എന്നിവർ ചേർന്ന് ഡോ. സഅദുല്ലക്ക് കൈമാറി. റയ്യാൻ സ്റ്റഡി സെന്ററിൽനിന്ന് 2024 വർഷം ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവർക്കും വിവിധ മേഖലകളിൽ ഏറ്റവും കൂടുതൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കും ഡോ. സഅദുല്ലാ പ്രശസ്തിപത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.
സമീർ ഫാറൂഖി, സാദിഖ് ബിൻ യഹ്യ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് സി.എം. ഫക്രുദ്ദീൻ അലി അഹമ്മദ്, അബ്ദുസ്സലാം, ഒ.വി. ഷംസീർ, ഷബീർ ഉമ്മുൽഹസ്സം, തൗസീഫ് അഷറഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.