തെരുവുനായ് പ്രശ്നം; പരിഹരിക്കാൻ പ്രതിവർഷം രണ്ട് ലക്ഷം ദിനാറിലധികം ചെലവഴിച്ചിട്ടും ഫലമില്ല
text_fieldsമനാമ: ബഹ്റൈനിൽ തെരുവുനായ്ക്കൾ വർധിക്കുന്ന പ്രശ്നം നേരിടാൻ പ്രതിവർഷം രണ്ട് ലക്ഷം ദിനാറിലധികം ചെലവഴിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്ന് വെളിപ്പെടുത്തി മുഹറഖ് മുനിസിപ്പൽ കൗൺസിൽ സമഗ്രമായ അന്വേഷണത്തിന് ശിപാർശ ചെയ്തു. നിലവിലെ നിയമങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമല്ലെന്നും പൊതുജന സുരക്ഷക്ക് ഭീഷണിയാണെന്നും കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തെരുവുനായ്ക്കളെ പിടികൂടുന്നതിനും സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി സർക്കാർ പ്രതിവർഷം 2,09,000 ദീനാർ ചെലവഴിക്കുന്നുണ്ടെങ്കിലും, പ്രശ്നം വർധിക്കുകയാണെന്ന് കൗൺസിലിന്റെ സാമ്പത്തിക, ഭരണപര, നിയമകാര്യസമിതി ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളുടെ വർധനവ് ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും അപകടമുണ്ടാക്കുന്നു എന്ന് സമിതി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ സാന്നിധ്യം രോഗങ്ങൾ പടരാനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പല സന്ദർഭങ്ങളിലും നായ്ക്കൾ റോഡിലേക്ക് ഓടിക്കയറി വാഹന അപകടങ്ങൾക്കും കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തെരുവുനായ്ക്കളുടെ പ്രശ്നം ലഘൂകരിക്കുന്നതിനും ചെലവ് കുറക്കുന്നതിനും മൂന്ന് പ്രധാന മേഖലകളിൽ സമഗ്രമായ അവലോകനം നടത്താൻ കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. വളർത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിലവിലെ നിയമങ്ങൾ അവലോകനം ചെയ്യുക.
ഇറക്കുമതി ചെയ്ത ശേഷം ഉപേക്ഷിക്കപ്പെടുന്നത് തടയാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരിക, ഇറക്കുമതി ചെയ്ത വളർത്തുമൃഗങ്ങളെ ഉടമകൾ ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, പ്രതിവർഷം ചെലവഴിക്കുന്ന ദീനാർ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് പരിശോധിക്കുകയും പണം പാഴാകുന്ന വഴികൾ കണ്ടെത്തുകയും ചെയ്യുക എന്നിവയാണ് ശിപാർശകൾ. മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ ഈ ശിപാർശ അംഗീകരിക്കുകയാണെങ്കിൽ, ബഹ്റൈനിലെ തെരുവുനായ് നിയന്ത്രണ സംവിധാനത്തിൽ വലിയ പരിഷ്കാരങ്ങൾക്ക് അത് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

