ഹുർമുസ് കടലിടുക്ക് പ്രമേയം; ബഹ്‌റൈനും അമേരിക്കയും സംയുക്തമായി തയ്യാറാക്കിയ പ്രമേയത്തിന് അന്താരാഷ്ട്ര പിന്തുണ
text_fieldsമനാമ: ഹുർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ബഹ്‌റൈനും അമേരിക്കയും സംയുക്തമായി തയ്യാറാക്കിയ പ്രമേയ കരടിന് ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര പിന്തുണ. ഐക്യരാഷ്ട്രസഭയിലെ ഏതൊരു പ്രമേയ കരടിനും ലഭിക്കുന്ന ഏറ്റവും ഉയർന്ന പിന്തുണയാണ് ഈ സംയുക്ത നീക്കം സ്വന്തമാക്കിയത്. ഇതുവരെ 138 യുഎൻ അംഗരാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ച് ഒപ്പുവെച്ചു കഴിഞ്ഞു.
വരും ദിവസങ്ങളിൽ ഈ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പ് 2026 മാർച്ച് 11ന് സുരക്ഷാ കൗൺസിൽ പ്രമേയം 2817നെ 136 അംഗരാജ്യങ്ങൾ പിന്തുണച്ചതായിരുന്നു മുൻ റെക്കോർഡ്. സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന ബഹ്‌റൈന്റെ ശക്തമായ നിലപാടിനും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനും ലഭിച്ച വലിയൊരു അംഗീകാരമായാണ് ഈ അന്താരാഷ്ട്ര പിന്തുണ വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ കൗൺസിലിന്റെ മുൻ പ്രമേയമായ 2817-നെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രമേയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരനിപതിനിധി ജമാൽ ഫാരിസ് അൽ റൊവായി വ്യക്തമാക്കി. കൂടാതെ ഹുർമുസ് കടലിടുക്കിൽ നാവിക മൈനുകൾ സ്ഥാപിക്കുന്നതും നിയമവിരുദ്ധമായി ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നതും പ്രമേയത്തിൽ ഗൗരവമായി പ്രതിപാദിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ തുടരാൻ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അൽ റൊവായി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

