പ്രായത്തിന്റെ നിഴലിൽ
text_fieldsകാലം തഴുകി കടന്നുപോയ മുഖത്ത് ആഴത്തിൽ പതിഞ്ഞിരിക്കുന്ന അനുഭവങ്ങളുടെ വരകൾ. കേൾക്കാൻ ആളുണ്ടെങ്കിൽ ഒരായിരം കഥകൾ പറയാനുണ്ടാവും ഓരോ വരകൾക്കും. ഒരിക്കൽ ആ വീടിന്റെ അടിസ്ഥാനമായിരുന്നവൾ, വീട്ടിലുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ചിരുന്നവൾ, ഇന്ന് അതേ വീട്ടിൽ തന്നെ തന്റെ സാന്നിധ്യം നിശബ്ദമായി ചുരുക്കുന്നു. മക്കൾ വളർന്നു അവരുടെ ലോകം വലുതായി, അവർ തിരക്കിലാണ്, അവരുടെ ജീവിതം അവരുടെ വഴിയിൽ ഓടിക്കൊണ്ടേയിരിക്കുന്നു. അവളുടെ ലോകം ആ വീടിനുള്ളിലെ തന്നെ നാലു ചുമരുകൾക്കുള്ളിൽ ചുരുങ്ങിപ്പോയി. പക്ഷേ ഓരോ ദിവസവും ആ വാതിലിന് അരികിൽ അമ്മേ എന്നൊരു വിളിക്കായി അവൾ കാത്തിരിക്കും.
അവൾ പറയാൻ ശ്രമിക്കുന്ന കഥകൾ പലപ്പോഴും ആരുടെയൊക്കെയോ തിരക്കുകളിൽ നഷ്ടപ്പെടുന്നു, അവൾ ചോദിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പലപ്പോഴും പിന്നീട് എന്ന വാക്കിൽ ഒതുങ്ങുന്നു. മറു പാതി കൂടെയുണ്ട്, ജീവിതത്തിന്റെ നീണ്ട യാത്രയിൽ സംഭാഷണങ്ങൾ മന്ദഗതിയിലായി, ഇപ്പോൾ അവർക്കിടയിൽ കൂടുതലും പറയാത്ത വാക്കുകൾ ആണ്. അവളുടെ ഹൃദയം ഒരു കാര്യം മനസ്സിലാക്കുന്നു, സ്നേഹം കാണിക്കാതെ വെച്ചാൽ അത് പതിയെ അകന്നുപോകും. അവൾ പരാതി പറയാറെയില്ല... കാരണം അവൾക്കറിയാം ഓരോ തലമുറകൾക്കും അവരുടേതായ തിരക്കുകളും സ്വപ്നങ്ങളും ഉണ്ടെന്ന്.
പക്ഷേ അവളുടെ ഉള്ളിൽ എനിക്ക് വലുതായി ഒന്നും വേണ്ട, എന്നെ മറക്കാതിരുന്നാൽ മാത്രം മതി എന്ന ഒരു ചെറു സത്യം നിലനിന്നു പോന്നു. കണ്ണുകൾക്കു ഉറക്കം കുറയുന്നു പക്ഷേ ഓർമ്മകൾക്ക് ഉറക്കം വരാറില്ല, ഓരോ രാത്രിയും മനസ്സിൽ പഴയ മുഖങ്ങളും ശബ്ദങ്ങളും വീണ്ടും ജീവിക്കുന്നു.
ആരെങ്കിലും ഒരാൾ വന്നു സംസാരിച്ചാലോ ചിരിച്ചാലോ, അവളുടെ മനസ്സിൽ സന്തോഷവും സമാധാനവും നിറയും ഒരാൾ അവൾക്കു വേണ്ടി സമയം ചിലവഴിച്ചാലോ അവളുടെ അന്നത്തെ ദിവസം സമ്പൂർണമാവും. ഒരിക്കൽ ഓടി നടന്നിരുന്ന കാലുകൾ ഇപ്പോ പതിയെ പതിയെ നീങ്ങുമ്പോഴും ഓർമകളാൽ ഓടിക്കളിക്കുന്ന ഹൃദയം ഇന്നും ചെറുപ്പമാണ്. ചില ഓർമ്മകൾ ചിരിയോടെ വരും ചിലത് കണ്ണുനീരായ് ഒഴുകും. രണ്ടും ഒരിക്കൽ അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
പലതും സഹിച്ചു പലരെ കണ്ടു പറയാതെ വെച്ച വേദനകളും ഉണ്ടായിരുന്നു. അവളുടെ ചിരിയുടെ പിന്നിൽ ഒരു ലോകം തന്നെ ഒളിഞ്ഞിരിന്നിരുന്നു. വയസ്സാകുന്നത് ശരീരത്തിനും മാത്രം മനസ്സിന് അല്ല സ്നേഹിക്കാനും കാത്തിരിക്കാനും ഇന്നും അതിനറിയാം. ഒരു പ്രായം എത്തിക്കഴിഞ്ഞാൽ വല്യേ വല്യേ ആഗ്രഹങ്ങളൊന്നും ചോദിക്കില്ല, മനസ്സ് ആഗ്രഹിക്കുന്നത് കുറച്ചുസമയം, കുറച്ചു സ്നേഹം, കുറച്ചു ശ്രദ്ധ മാത്രം. ഒടുവിൽ അവൾ മനസ്സിലാക്കുന്നത് ജീവിതം നീളത്തിൽ അല്ല ആഴത്തിലാണ് അളക്കേണ്ടത്. സ്നേഹിച്ച നിമിഷങ്ങളാണ് അവളുടെ യഥാർത്ഥ സമ്പത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

