സ്റ്റീഫൻ നാട്ടിലെത്തി; മനസ്സു നിറയെ നന്ദിയുമായി
text_fieldsമനാമ: 27 വർഷങ്ങൾക്കുശേഷം നാടണയുേമ്പാൾ സ്റ്റീഫൻ മത്തായിയുടെ മനസ്സിൽ നന്ദി മാത്രമാണ്. നിസ്സഹായതയുടെ അങ്ങേയറ്റത്ത് നിന്നപ്പോൾ സഹായവുമായി എത്തിയവരോടുള്ള സ്നേഹവും കടപ്പാടുമാണ് ആ മനസ്സു നിറയെ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സ്റ്റീഫനെക്കുറിച്ച് ജനുവരി 22ന് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയാണ് അദ്ദേഹത്തിന് വർഷങ്ങൾക്കുശേഷം നാട്ടിലെത്താൻ വഴിയൊരുക്കിയത്. വാർത്ത കണ്ട് സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ സലാം മമ്പാട്ടുമൂല സ്റ്റീഫനെ ബന്ധപ്പെട്ട് മടക്കയാത്രക്കുള്ള നടപടികൾക്ക് തുടക്കമിട്ടു. മറ്റ് കെ.എം.സി.സി നേതാക്കളായ ഷാഫി പാറക്കട്ട, അഷ്റഫ് മഞ്ചേശ്വരം എന്നിവരുമായി ചേർന്ന് സ്റ്റീഫെൻറ പേരിലുള്ള എമിഗ്രേഷനിലെ പിഴ അടക്കുകയും എൽ.എം.ആർ.എയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീക്കുകയും ചെയ്തു.
ബുധനാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തിന് സൗജന്യമായി ടിക്കറ്റും നൽകി. ചൊവ്വാഴ്ച രാത്രി മുഹറഖിലെ സ്റ്റീഫെൻറ താമസസ്ഥലത്തു നേരിട്ടെത്തിയ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫയും യാത്രാരേഖകൾ കൈമാറി. സ്റ്റീഫനെ നാട്ടിലേക്ക് അയക്കുന്നതിന് സഹകരിച്ച കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹി ജോസ്, നാട്ടുകാരായ സതീശൻ, ജെയ്സൺ എന്നിവർക്ക് കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും നന്ദി അറിയിച്ചു. ശിഷ്ടകാലം നാട്ടിൽ സഹോദരിയുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്ന് സ്റ്റീഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
