രാജ്യപുരോഗതി: പ്രധാനമന്ത്രിക്ക് ഹമദ് രാജാവിന്റെ ആശംസ
text_fieldsമനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ സ്വീകരിച്ചു.
സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. രാജ്യത്തിന്റെ സർവതോമുഖ വളർച്ചക്കും പുരോഗതിക്കുമായി കൂടുതൽ ശക്തമായ ചുവടുവെപ്പുകൾ നടത്താൻ പ്രധാനമന്ത്രിക്ക് സാധിക്കട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ദ്രുതഗതിയിൽ പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്. രാജ്യം വിവിധ മേഖലകളിലുണ്ടാക്കിയ നേട്ടം നിലനിർത്താനും സാമ്പത്തിക, നിക്ഷേപ മേഖലകളിൽ കാര്യമായ ചലനമുണ്ടാക്കാനും ഇക്കാലയളവിൽ കഴിഞ്ഞതായും അദ്ദേഹം വിലയിരുത്തി.
സ്വദേശികളുടെ പാർപ്പിട വിഷയത്തിൽ ഇടപെടൽ നടത്താൻ സാധിച്ചതും നേട്ടമാണ്. കിരീടാവകാശിയുടെ യു.കെ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കഴിയുന്നതാണ്. ബഹ്റൈൻ വനിത സുപ്രീം കൗൺസിൽ രൂപവത്കരണത്തിന് 22 വർഷം പൂർത്തിയായ സാഹചര്യത്തിൽ ചെയർപേഴ്സനും രാജപത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇരുവരും വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകളുടെ കഴിവും പ്രാപ്തിയും ഉപയോഗപ്പെടുത്താനും അവരെ ശാക്തീകരിക്കാനുമുള്ള ശ്രമം വലിയ അളവിൽ വിജയിച്ചിട്ടുണ്ട്. രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ ബഹ്റൈനിലെ സ്ത്രീരത്നങ്ങൾ വഴി കരസ്ഥമാക്കാനായിട്ടുണ്ടെന്നും ഹമദ് രാജാവ് അനുസ്മരിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരാൻ കഴിയട്ടെയെന്നും ആശംസിച്ചു.
കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

