ശുചിത്വ നിലവാരം ഉയർത്താൻ അത്യാധുനിക മാലിന്യ ട്രക്കുകളും റീസൈക്ലിങ് ബിന്നുകളും
text_fieldsമനാമ: രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുമായി ബഹ്റൈനിൽ പുതിയ അത്യാധുനിക മാലിന്യ ട്രക്കുകളും നൂറുകണക്കിന് റീസൈക്ലിങ് ബിന്നുകളും വിന്യസിക്കുന്നു. ഗൾഫ് സിറ്റി ക്ലീനിങ് കമ്പനിയുടെ പുത്തൻ മാലിന്യ ട്രക്കുകളുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വാഹനങ്ങൾക്കുപുറമെ, പരിസ്ഥിതി സൗഹൃദ സാക്ഷ്യപത്രമുള്ള പ്ലാസ്റ്റിക് മാലിന്യ കണ്ടെയ്നറുകളും പുതിയ റീസൈക്ലിങ് ബിന്നുകളും ലോഞ്ചിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. രാജ്യത്തുടനീളം മൊത്തം 300 റീസൈക്ലിങ് ബിന്നുകൾ വിതരണം ചെയ്യും. ഇതിൽ 150 ബിന്നുകൾ തലസ്ഥാനത്തും മുഹറഖ് ഗവർണറേറ്റിലുമായിരിക്കും സ്ഥാപിക്കുക. പുതിയ 1,100 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ബിന്നുകൾ ഉയർന്ന ഈടുനിൽപ്പുള്ളതും ഭാരം കുറഞ്ഞതുമാണ്.
ഇത് മാലിന്യം നീക്കം ചെയ്യുമ്പോഴുള്ള ശബ്ദം കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾക്കും സഹായകമാകും. ഗവർണറേറ്റുകളിലെ ശുചിത്വ നിലവാരം വർധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന നൂതന സംരംഭങ്ങൾ ബഹ്റൈൻ ഇനിയും സ്വീകരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

