കഥാപ്രസംഗത്തിൽ തുടങ്ങി, അവതാരകയിൽ തിളങ്ങി മനീഷ സന്തോഷ്
text_fieldsമനാമ: കഥാപ്രസംഗത്തിൽ നിന്ന് തുടങ്ങിഅവതാരകയിൽ തിളങ്ങിയ ചരിത്രമാണ് ബഹ്റൈൻ പ്രവാസിയായ കൊല്ലം കൊട്ടാരക്കര സ്വദേശിനി മനീഷ സന്തോഷിന്‍റേത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ കാഥികയായി 9ാം വയസ്സിൽ ഓടനാവട്ടം മനീഷ എന്ന പേരിൽ കലാരംഗത്ത് അരങ്ങേറ്റം കുറിച്ചു. സ്കൂൾ യുവജനോത്സവ വേദികളിൽ കഥാപ്രസംഗം, ഓട്ടൻ തുള്ളൽ, മോണോ ആക്ട്, നാടോടിനൃത്തം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രച്ഛന്നവേഷം തുടങ്ങിയ കലാ ഇനങ്ങളിൽ മാറ്റുരച്ച് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രതിഭയായിരുന്നു മനീഷ.
15 മുതൽ 35 വയസ്സു വരെ ഉള്ളവർ മാറ്റുരയ്ക്കുന്ന കേരളോത്സവത്തിൽ 15-ാം വയസ്സിൽ മുതിർന്ന പ്രൊഫഷണൽ കാഥികരോട് മത്സരിച്ച് കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടാനും മനീഷക്ക് കഴിഞ്ഞിട്ടുണ്ട്. കഥാപ്രസംഗ രംഗത്ത് കലാ ആസ്വാദകനായ അച്ഛൻ കളപ്പില രാമചന്ദ്രൻ ആണ് ഗുരുസ്ഥാനീയൻ. മിക്കതും അച്ഛൻ എഴുതിത്തയ്യാറാക്കിയ കഥകൾ പറഞ്ഞതുകൊണ്ടായതിനാൽ പത്രമാധ്യമങ്ങളിലെ യുവജനോത്സവ വാർത്തകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അക്കാലത്ത് മനീഷ. കഥാപ്രസംഗത്തിൽ കവിതകളും കഥകളും ചിട്ടപ്പെടുത്തി നൽകിയ പരവൂർ രാമചന്ദ്രൻ, പോൾരാജ് പൂയപ്പള്ളി, എന്നിവരെയും ഓട്ടൻതുള്ളലിൽ ഗുരു തേവന്നൂർ ഗോപാലകൃഷ്ണപിള്ളയേയും ഏറെ ബഹുമാനത്തോടെയാണ് മനീഷ ഓർക്കുന്നത്.
1700 ഓളം വേദികളിൽ മനീഷ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കഥാപ്രസംഗം, ഓട്ടൻതുള്ളൽ, ഭക്തിഗാനമേള എന്നിവ സമന്വയിപ്പിച്ച് ക്ഷേത്രോത്സവം എന്ന ഒരു നൂതനക്ഷേത്രകലാരൂപം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിനെല്ലാം അച്ഛൻ കളപ്പില രാമചന്ദ്രനും അമ്മ സുലോചനയുമാണ് പിന്തുണ നൽകിയത്.
ആകാശവാണി,ദൂരദർശൻ ഉൾപ്പെടെയുള്ള ദൃശ്യശ്രവ്യമാധ്യമങ്ങളിൽ നിരവധി തവണ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2012 മുതൽ ബഹ്‌റൈൻ പ്രവാസിയായ മനീഷ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച 'കഥപറയുമ്പോൾ' എന്ന കഥാപ്രസംഗ നിശയിൽ ബഹ്‌റൈൻ കേരളീയ സമാജത്തിലെ നിറഞ്ഞ സദസ്സിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ചു ബഹ്‌റൈൻ കലാസ്വാദകർക്കിടയിൽ ഏറെ സുപരിചിതയായി. ബഹ്റൈനിൽ എഫ്.എം. റേഡിയോ സംഘടിപ്പിച്ച 'വാചകരാജ' മത്സരത്തിൽ ഒന്നാം സ്ഥാനത്തു എത്തിയതും നല്ലൊരു അനുഭവമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ബഹ്‌റൈൻ സന്ദർശിച്ചപ്പോൾ ഇന്ത്യൻ സ്കൂളിലെ പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ സദസ്സിൽ അവതാരകയായി അരങ്ങേറ്റം കുറിച്ചത് ഒരു വലിയ ഭാഗ്യമായി മനീഷ കരുതുന്നു.
കൂടാതെ കല സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ബഹ്റൈനിലെ വേദികളിൽ അവതാരകയാകാൻ സാധിച്ചത് വലിയ നേട്ടമായാണ് മനീഷ കാണുന്നത്.
കഴിഞ്ഞ 10 വർഷമായി ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ മനീഷക്ക് കോവിഡ് കാലത്ത് കൗൺസിലറായി ഒരുപാട് പേർക്ക് ഒരു കൈത്താങ്ങ് നൽകാനും സാധിച്ചു. കേരളത്തിലെ പ്രശസ്തമായ പല പ്രമുഖ ചാനലുകളിലെയും ബഹ്‌റൈൻ വാർത്താ വിശേഷങ്ങളുടെ ശബ്ദമാകാൻ സാധിച്ചതും വ്യത്യസ്തമായ അനുഭവമായി മനസ്സിൽ സൂക്ഷിക്കുന്നു. സോഷ്യൽ മീഡിയയിൽ കഥകളും, കവിതയും, നൃത്തവും, സംഗീതവും, അഭിനയവും, റീൽസുകളും, അനുഭവക്കുറിപ്പുകളും മോട്ടിവേഷണൽ സംഭാഷണങ്ങളുമൊക്കയായി മനീഷ നിറഞ്ഞു നിൽക്കുന്നു.
കലാരംഗത്തെ ഉയർച്ചയിൽ ഏറെ പിന്തുണയേകിയ ജീവിതപങ്കാളി സന്തോഷ് ശിവാനന്ദന്റെ അകാല വിയോഗം മനീഷയെ തളർത്തിയെങ്കിലും കഴിഞ്ഞ ഏഴു വർഷമായി ബഹ്‌റൈനിലെ പ്രവാസ ലോകത്തെ സുഹൃത്തുക്കളാണ് മനീഷക്ക് വീണ്ടും കലാരംഗത്ത് തുടരാൻ പ്രചോദനമായത്.
പ്രൗഡ ഗംഭീരമായ വേദികൾ സമ്മാനിക്കുന്ന ബഹ്റൈനിലെ പ്രവാസി സംഘടനകളെയും അതിന്റെ സംഘടകരെയും ഒരുപാട് നന്ദിയോടെ മനീഷ സ്മരിക്കുന്നു. സ്വന്തം കുടുംബാംഗങ്ങൾ പോലെ എപ്പോഴും കൂടെ കൂട്ടുന്ന ബഹ്റൈനിലെ സുഹൃത്തുക്കളുടെ സഹായവും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മനീഷ പറയുന്നു.
നാട്ടിൽ നിന്നും മാതാപിതാക്കൾ, ഏക സഹോദരി അഡ്വ. നിമിഷ, സഹോദരി ഭർത്താവ് ഫോട്ടോഗ്രാഫർ കൂടിയായ ഷാരു, സഹോദരി പുത്രൻ ദേവദത്ത് എന്നിവരുടേയും ബഹ്റൈനിലെ കലാസ്നേഹികളായ സുഹൃത്തുക്കളുടേയും കട്ടക്ക് കൂടെ നിൽക്കുന്ന ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ ശിവദത്തിൻ്റേയും പിന്തുണയാണ് മനോഹരമായ ഈ പവിഴദ്വീപിലെ വേദികളിൽ നിറഞ്ഞു നിൽക്കാൻ പ്രേരണയേകുന്നതെന്ന് മനീഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

