വർണം വാരിവിതറി ഖർഖാഊന് തുടക്കം
text_fieldsഖർഖാഊൻ വിഭവങ്ങളുമായി കുട്ടികൾ
മനാമ: റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമായ ഖർഖാഊന് വർണാഭമായ തുടക്കം. നിറപ്പകിട്ടാർന്ന അറബ് പാരമ്പര്യ ഉടുപ്പുകളും ചെരുപ്പുകളും ധരിച്ച് കൈയിൽ വിവിധ വർണങ്ങളാൽ അലങ്കൃതമായ മനോഹര കുഞ്ഞുസഞ്ചികളുമായി പ്രദേശത്തുള്ള വീടുകളിലേക്കൊക്കെ ദഫിന്റെയും ബൈത്തിന്റെയും (അറബി പാരമ്പര്യ പാട്ട്) ഇതര പാരമ്പര്യ വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ കുട്ടികൾ സന്ദർശനം നടത്തുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.
മഗ്രിബ് നമസ്കാരത്തിന് ശേഷം നോമ്പ് തുറന്ന് ഒരു പ്രദേശത്ത് ഒരുമിച്ചു കൂടുന്ന കുട്ടികൾ പാട്ടുപാടി തങ്ങളുടെ സഞ്ചാരം ആരംഭിക്കും. അവരുടെ കൈകളിലുള്ള സഞ്ചികളിലേക്ക് നാണയങ്ങളും പ്രത്യേകം തയാറാക്കിയ പല വർണങ്ങളിലുള്ള മിഠായികളും ഓരോ വീട്ടുകാരും ഇട്ടുകൊടുക്കും. അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല, വിവിധതരം മിഠായികള്‍ എന്നിവ കൂട്ടിക്കലർത്തിയുള്ളതാണ് ഖർഖാഊൻ വിഭവം. ഇതിനു പുറമെ പലതരത്തിലുള്ള മിഠായികളും പഴങ്ങളും പരസ്പരം കൈമാറും.
ഇതര ഗൾഫ് രാജ്യങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ ഈ ആഘോഷം ഉണ്ട്. ‘ഗറാഷികൾ’ എന്നറിയപ്പെടുന്ന ഇറാനിയൻ കച്ചവടക്കാരും ഹൽവ കച്ചവടക്കാരുമാണ് ഖർഖാഊൻ ഉൽപന്നങ്ങൾ കൂടുതലായി കച്ചവടം നടത്തുന്നത്. ഖാർഖാഊൻ വിഭവങ്ങൾ മാത്രം വിൽപന നടത്താൻവേണ്ടി പ്രത്യേക കടകളും തുറന്നിട്ടുണ്ട്. ഹമദ് ടൗൺ, മുഹറഖ്, അറാദ്, മനാമ, റിഫ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഖർഖാഊൻ ആഘോഷങ്ങൾ ഏറെ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

