സ്റ്റാർലിങ്ക് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: ഇലോൺ മസ്കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ബഹ്റൈനിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. സാറ്റ് ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനം നടത്തിയത്. പ്രാദേശിക ഡിജിറ്റൽ കണക്ടിവിറ്റിയിൽ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തുന്നത്.
2022ലാണ് ബഹ്റൈൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ( ടി.ആർ.എ) സ്റ്റാർലിങ്കിന് ബഹ്റൈനിൽ പ്രവർത്തനാനുമതിക്കുള്ള ലൈസൻസ് നൽകിയത്. രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രെക്ചർ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും അടുത്ത തലമുറ ആശയവിനിമയ സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് സ്റ്റാർലിങ്ക് രാജ്യത്തെത്തിക്കാൻ ടി.ആർ.എ തീരുമാനിച്ചത്.
ലോകത്തിന്റെ ഏത് കോണിലും കരയിലും കടലിലും അടക്കം ഇന്റർനെറ്റ് നൽകാൻ കഴിയുമെന്നതാണ് സ്റ്റാർലിങ്കിന്റെ പ്രത്യേകത. സാധാരണയായി ഭൂമിയിൽനിന്ന് വളരെ അകലെയുള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭൂമിയോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
അതിനാൽത്തന്നെ കുറഞ്ഞ ലേറ്റൻസിയും ഉയർന്ന വേഗവും ഇത് നൽകുന്നു. വിദൂര പ്രദേശങ്ങളിലോ, വേഗമേറിയതും വിശ്വസനീയതുമായ ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലോ ഇത് വളരെ പ്രയോജനകരമാകും. ബഹ്റൈനിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവ് ഡിജിറ്റൽ സേവനങ്ങളെ ത്വരിതപ്പെടുത്തുകയും ഗൾഫ് മേഖലയിലെ ഒരു മുൻനിര സാങ്കേതിക കേന്ദ്രമെന്ന നിലയിൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം മുതൽ ലോജിസ്റ്റിക്സ്, ഗതാഗതം മേഖലയിൽ വരെ ഇതിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സ്റ്റാർലിങ്കിന്റെ വേഗം സാധാരണയായി 50 മുതൽ 200 എം.ബി.പി.എസ് വരെയാണ്. ഇത് വിഡിയോ കോൺഫറൻസിങ്, ഓൺലൈൻ ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയ ഡേറ്റ ഉപയോഗം കൂടുതലുള്ള കാര്യങ്ങൾക്ക് ഉചിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

