ആ ചെമ്പനീർപ്പൂവ് പ്രണയികളുടെ മനസ്സിൽ സുഗന്ധം പരത്തിത്തുടങ്ങിയിട്ട് 20 വർഷം
text_fieldsഉണ്ണിമേനോൻ അഭിനയിച്ച ‘സ്ഥിതി’ എന്ന ചിത്രത്തിലെ രംഗം
മനാമ: ഒരു ചെമ്പനീർപ്പൂവിറുത്തു ഞാൻ നിൻ നേർക്കു നീട്ടിയില്ല, എങ്കിലും എന്റെ ചെമ്പനീർ പൂക്കുന്നത് നിനക്കായാണെന്ന് എങ്ങനെ നീയറിഞ്ഞു. പ്രണയത്തിന്റെ വിശുദ്ധ സൗന്ദര്യം തുളുമ്പിനിൽക്കുന്ന ആ ഗാനം മലയാളികളുടെ മനസ്സിന്റെ വിങ്ങലായി മാറിയിട്ട് 20 വർഷങ്ങളാകുന്നു. ആ ഗാനം പാടിയഭിനയിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത അനുഗൃഹീത ഗായകൻ ഉണ്ണി മേനോൻ പാട്ടിന്റെ 20 ാം വാർഷികത്തിൽ 'ഗൾഫ് മാധ്യമ’മൊരുക്കുന്ന ബഹ്റൈൻ ബീറ്റ്സിൽ ശ്രീരാഗത്തിന്റെ നനുത്ത ആ തൂവൽസ്പർശം ആസ്വാദകരെ അനുഭവിപ്പിക്കാനായി എത്തുന്നു എന്നത് യാദൃച്ഛികമാകാം.
ആർ. ശരത് സംവിധാനം നിർവഹിച്ച ‘സ്ഥിതി’ 2002 ലാണ് പുറത്തിറങ്ങിയത്. അത് കൈകാര്യം ചെയ്ത കാലികപ്രസക്തമായ പ്രമേയവും അതിലെ വിഷാദച്ഛായയുള്ള പ്രണയാർദ്ര ഗാനങ്ങളും ആസ്വാദകഹൃദയങ്ങളിൽ കുടിയേറി. ഗായകനായി മലയാളത്തിലും തമിഴിലും പ്രശസ്തനായി നിൽക്കുന്ന സമയത്താണ് ഉണ്ണിമേനോനെത്തേടി സംഗീത നിരൂപകനായ രവി മേനോന്റെ വിളിയെത്തിയത്. തന്റെ സുഹൃത്തായ ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കണമെന്നായിരുന്നു ആവശ്യം. അറിയപ്പെടുന്ന ഗായകനാകുക എന്ന സ്വപ്നം ഉള്ളിലൊതുക്കി ജീവിക്കുന്ന സർക്കാർ ജീവനക്കാരന്റെ അതിജീവന ശ്രമങ്ങളായിരുന്നു സിനിമയുടെ പ്രമേയം.
കഥ കേട്ടപ്പോൾ ഉണ്ണി മേനോന് ഒഴിഞ്ഞുമാറാൻ കഴിയുമായിരുന്നില്ല. ചിത്രത്തിനായി ഗാനരചന നിർവഹിച്ചത് പ്രശസ്ത കവി പ്രഭാ വർമയായിരുന്നു. മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ഉദാത്തഭാവമുള്ള വരികൾ. സമരത്തിൽ പങ്കെടുത്ത് ജയിലിലായ ഭാര്യയെപ്പറ്റിയുള്ള നായകന്റെ ഓർമകളായിരുന്നു ഗാനസന്ദർഭം.
സംഗീത സംവിധാനം നിർവഹിക്കാനുള്ള ദൗത്യവും ഉണ്ണി മേനോനിൽ തന്നെ വന്നുചേരുന്നു. ശ്രീരാഗത്തിലാണ് അദ്ദേഹം ഗാനം ചിട്ടപ്പെടുത്തിയത്. ഖരഹരപ്രിയയിൽ ജനിച്ച രാഗമാണ് ശ്രീരാഗം. സംഗീത സംവിധായകർ അത്രക്കങ്ങ് പ്രയോജനപ്പെടുത്തിയിട്ടില്ല. പക്ഷേ, ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം അതിമധുരങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം. സംഗീതാസ്വാദകരെ എന്നും ആകർഷിക്കുന്ന ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ...., എന്തരോ മഹാനുഭാവുലു... തുടങ്ങിയ കൃതികളൊക്കെ ശ്രീരാഗത്തിലാണ്. ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ..., അല്ലിയിളം പൂവോ... ഇല്ലിമുളം തേനോ...തുടങ്ങിയ ഗാനങ്ങളൊക്കെ ഹിറ്റായിരുന്നു. അതുപോലെ തന്നെ ‘ഒരു ചെമ്പനീര് പൂവിറുത്തു ഞാനോമലേ....യും വൻഹിറ്റായി.
മലയാളി ഒരിക്കലും മറക്കാത്ത ഗാനങ്ങളുടെ മുൻനിരയിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ചെന്നൈയിലിരുന്നാണ് ഉണ്ണിമേനോൻ കമ്പോസിങ് നിർവഹിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനായ ആർ. ശരത് ഓർമിക്കുന്നു. മൂന്ന് ട്യൂണുകൾ അദ്ദേഹം അയച്ചുതന്നു. അതിൽനിന്ന് മികച്ചതെന്ന് തോന്നിയ ഒന്ന് താൻ തിരഞ്ഞെടുക്കുകയായിരുന്നെന്നും ആർ. ശരത് ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ട്യൂണിനനുസരിച്ച് പ്രഭാവർമ തന്റെ വരികളിൽ ചില മാറ്റങ്ങളും വരുത്തിയിരുന്നു. ഗാനം മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴും ഈ ഗാനം യുട്യൂബിലും മറ്റും കേട്ടിട്ട് നിരവധിപേർ തന്നെ വിളിക്കാറുണ്ടെന്നും ശരത് പറഞ്ഞു. ഗാനത്തിന്റെ അവകാശം സിനിമയുടെ നിർമാതാവ് അബ്ദുൽ ഖാദർ ഉണ്ണിമേനോന് നൽകിയിരുന്നു. മംഗളകരവും സാർവകാലികവുമാണെങ്കിലും ശ്രീരാഗം വൈകുന്നേരം ആലപിച്ചാൽ കൂടുതൽ ശോഭിക്കും എന്നാണ് പറയപ്പെടുന്നത്. ക്രൗൺ പ്ലാസയിൽ മുപ്പതിന് വൈകുന്നേരം ആറിനാണ് സംഗീത സദ്യ ‘ബഹ്റൈൻ ബീറ്റ്സ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

