ശ്രീനിവാസൻ: മലയാളത്തിന്റെ ചാർളി ചാപ്ലിൻ
text_fieldsശ്രീനിവാസൻ
“മരണം രംഗബോധമില്ലാത്ത കോമാളി”യാണെന്ന് മലയാളികൾക്ക് ഒരിക്കൽ കൂടി കാട്ടിത്തന്ന് നടൻ ശ്രീനിവാസൻ അരങ്ങൊഴിഞ്ഞിരിക്കുന്നു. നാലുപതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ ചാർളി ചാപ്ലിൻ ആണ് ശ്രീനിവാസൻ. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, തന്റെ ആത്മസുഹൃത്തും ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ തന്റെ സഹപ്രവർത്തകനുമായിരുന്ന ശ്രീനിവാസനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “ദാസനും വിജയനുമാണ് ഞാനും ശ്രീനിയും! …’’ സുപ്രസിദ്ധമായ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളായ ദാസന്റെയും വിജയന്റേയും സൗഹൃദത്തോടാണ്, ശ്രീനിയുമായുള്ള തന്റെ ആത്മബന്ധത്തെ സത്യൻ അന്തിക്കാട് താരതമ്യപ്പെടുടുത്തുന്നത്! “എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്, ദാസാ”, എന്നതാണ് ‘നാടോടിക്കാറ്റി’ലെ ഒരു തത്വശാസ്ത്ര സൂക്തം! അതനുസരിച്ച് 1986ൽ ആയിരുന്നു സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമ കൂട്ടുകെട്ട് തുടങ്ങാനുള്ള സമയം. ആ കൂട്ടുകെട്ടിൽ നിന്നും മലയാളം നേടിയത് ഒരു പാട് ജീവിതഗന്ധികളായ മഹദ് ചിത്രങ്ങളായിരുന്നു. രണ്ട് നർമനക്ഷത്രങ്ങൾ കണ്ടുമുട്ടിയത് പോലെയായിരുന്നു ആ സംഗമം.
ഗൗരവമാർന്ന വിഷയങ്ങൾ നർമം കലർത്തി അവതരിപ്പിക്കുന്നതാണ് സത്യൻ-ശ്രീനി ടീമിന്റെ ശൈലി. അവരുടെ മാസ്റ്റർപീസുകളിൽ ഒന്നാണ് ‘സന്ദേശം’ എന്ന ഹിറ്റ്ചിത്രം. ആമാശയവാദികളായ അഴിമതി രാഷ്ട്രീയക്കാർക്കെതിരായി ഇവർ തൊടുത്തുവിടുന്ന പരിഹാസത്തിന്റെയും യും ആക്ഷേപഹാസ്യത്തിന്റെയും എത്രയോ കൂർത്ത ശരങ്ങൾ ഈ ചിത്രത്തിലുണ്ട്. മർമം കണ്ട് നർമം പ്രയോഗിക്കാൻ കഴിവുള്ള ആക്ഷേപഹാസ്യത്തിന്റെ ആശാനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രക്തത്തിൽ തന്നെ ഹാസ്യം അലിഞ്ഞു കിടക്കുന്നുണ്ടെന്നു തോന്നും. മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്ന് ശ്രീനിവാസനെ വിശേഷിപ്പിക്കു ന്നതിൽ അതിശയോക്തിയില്ല. അമ്പതിൽപരം തിരക്കഥകൾ ശ്രീനിയുടെ തൂലികത്തുമ്പിൽ നിന്ന് പിറന്നുവീണിട്ടുണ്ട്. രണ്ട് ചിത്രങ്ങളും അദ്ദേഹം വിജയകരമായി സംവിധാനം ചെയ്തു. നാഷനൽ ഫിലിം അവാർഡ്, സ്റ്റേറ്റ് അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി ഒരുപാട് പുരസ്കാരങ്ങൾ ശ്രീനിവാസനെ തേടിയെത്തിയിട്ടുണ്ട്.
അഭ്രപാളികളിലെ ആട്ടം കഴിഞ്ഞ് ശ്രീനിവാസൻ ഇനി മടക്കയാത്രയാണ്. ഭൂമി മലയാളവും സൗരയൂഥവും ക്ഷീരപഥത്തിന്റ തീരപഥങ്ങളും കടന്ന് ശതകോടി നക്ഷത്രദീപങ്ങൾ പൂത്തുലയുന്ന പറുദീസയുടെ പടിവാതിൽക്കലേക്ക്. അവിടെ സ്വർഗരാജ്യത്തിന്റെ സ്വർണവീഥികളിൽ വെച്ച് ശ്രീനി ഒരുപക്ഷേ ദൈവത്തെ മുഖത്തോടുമുഖം കണ്ടെന്ന് വരാം. അപ്പോൾ ശ്രീനി ‘പോളണ്ടിനെ’ ക്കുറിച്ചോ മറ്റേതെങ്കിലും ഹാസ്യം പറഞ്ഞോ ദൈവം തമ്പുരാനെ ചിരിപ്പിച്ചുകൊല്ലാതിരിക്കട്ടെ. മലയാളികളുടെ ചാർളിചാപ്ലിന് മഹാ പ്രണാമം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

