വാക്വേ തണുപ്പിക്കാൻ സ്പ്രിംഗ്ലർ സംവിധാനം
text_fieldsമനാമ: ഈസ ടൗണിലെ റബറൈസ്ഡ് വാക്വേ തണുപ്പിക്കാൻ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിച്ചതായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ചൂടുകാലത്ത് നടക്കുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഇത് ഏറെ ആശ്വാസമാകും.
രാജ്യത്ത് ഇതാദ്യമായാണ് വാക്വേയിൽ തണുപ്പേകുന്നതിന് വാട്ടർ സ്പ്രേ സംവിധാനം ഏർപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദവും ഉന്നത ഗുണനിലവാരം പുലർത്തുന്നതുമായ രീതിയാണ് ഇതിനായി അവലംബിച്ചിട്ടുള്ളത്. 10,300 ചതുരശ്ര മീറ്ററിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 1500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉല്ലാസത്തിനും വ്യായാമത്തിനുമായി വാക്വേയിലെ വിവിധ സ്ഥലങ്ങളിൽ വർണശബളമായ റബർ ഫ്ലോർ രൂപപ്പെടുത്തിയിട്ടുണ്ട്. ഉല്ലാസസ്ഥലങ്ങളിൽ കൃത്രിമ പുല്ലും ചുവന്ന ഇഷ്ടികകളും കൊണ്ട് അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇതിന് പുറമെ വിവിധ തരം മരങ്ങളും നട്ടുപിടിപ്പികുകയും അവ നനക്കുന്നതിന് ആധുനിക ജല സേവന സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ഉല്ലസിക്കുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനുമായി പാർക്കുകളും വാക്വേകളും ഒരുക്കിയിട്ടുള്ളതായി ദക്ഷിണ മേഖല മുനിസിപ്പൽ ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി. വിശ്രമിക്കാനുള്ള ഹരിത പ്രദേശങ്ങളും ഷെയ്ഡഡ് കളിസ്ഥലങ്ങളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി ഗെയിം ഏരിയകളും ഇവിടത്തെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

