ജി.സി.സി രാജ്യങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാർക്കുള്ളഏകീകൃത ഇൻഷുറൻസ് സംവിധാനത്തിൽ ഭേദഗതി നിർദേശം
text_fieldsമനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരന്മാർക്കുള്ള ഏകീകൃത ഇൻഷുറൻസ് സംവിധാനത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള സർക്കാർ ബിൽ പാർലമെന്റിൽ. ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപ്തി വർധിപ്പിക്കാനും പ്രീമിയം അടക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും കൂടുതൽ ശക്തമായ നിയമങ്ങൾ സ്ഥാപിക്കാനും ജി.സി.സി. രാജ്യങ്ങളിലെ പെൻഷൻ, സാമൂഹിക ഇൻഷുറൻസ് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്.
ഈ കരട് ബില്ലിൽ രണ്ട് പ്രധാന ആർട്ടിക്കിളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 1 പ്രകാരം 2004ൽ സുപ്രീം കൗൺസിൽ അംഗീകരിച്ച ഏകീകൃത സംവിധാനത്തിലെ ഭേദഗതികൾക്ക് അംഗീകാരം നൽകുന്നു. ആർട്ടിക്കിൾ 2 ബിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
അനുബന്ധ നിയമരേഖയിൽ മൂന്ന് പ്രധാന ആർട്ടിക്കിളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ആർട്ടിക്കിൾ 5, 6(3), 9, 11(2), 13, 15 എന്നിവക്കുപകരം പുതിയ നിയമങ്ങൾ ഉൾപ്പെടുത്തി. പുതിയ നിയമമനുസരിച്ച് ഇൻഷുറൻസ് പരിരക്ഷയിൽ വിരമിക്കൽ, വാർധക്യം, വൈകല്യം, മരണം, തൊഴിലില്ലായ്മ എന്നിവ ഉൾപ്പെടുത്തും. തൊഴിൽപരമായ പരിക്കുകൾക്കും രോഗങ്ങൾക്കുമുള്ള ഇൻഷുറൻസ് ഇപ്പോഴും ജോലി ചെയ്യുന്ന രാജ്യത്തെ നിയമമനുസരിച്ച് തുടരാം. എന്നാൽ തൊഴിലുടമകൾ ജീവനക്കാർക്ക് ഇൻഷുറൻസ് ഉറപ്പാക്കിയിരിക്കണം.
ജോലി ചെയ്യുന്ന രാജ്യത്തെയും ജീവനക്കാരന്റെ മാതൃരാജ്യത്തെയും സിവിൽ റിട്ടയർമെന്റ്, സോഷ്യൽ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ പൂർണമായ ഇൻഷുറൻസ് ഫോമുകൾ സമർപ്പിക്കണം. എല്ലാ മാസവും പ്രീമിയം തുക കിഴിവ് ചെയ്ത് അടക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.ജീവനക്കാരെ രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന നിയമപരമായ ഉത്തരവാദിത്തങ്ങളും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഭേദഗതികൾ ജി.സി.സി.യിലെ പൗരന്മാരുടെ സാമൂഹികസുരക്ഷാ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

