രോഗികൾക്ക് പ്രത്യേക പാർക്കിങ്: പുതിയ നിയമനിർമാണത്തിന് പാർലമെന്റിൽ നീക്കം
text_fieldsമനാമ: രാജ്യത്തെ പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങളിൽ നിത്യരോഗികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്കുകമായി പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എം.പി ഹനാൻ ഫർദാൻ. ഇതുമായി ബന്ധപ്പെട്ട നിർദേശം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ചചെയ്യും.
ആശുപത്രികളിലോ സർക്കാർ ഓഫിസുകളിലോ എത്താൻ അനുയോജ്യമായ പാർക്കിങ് ലഭ്യമല്ലാത്തതിനാൽ പലരും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഹനാൻ ഫർദാൻ ചൂണ്ടിക്കാട്ടി. നിലവിൽ, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന ഔദ്യോഗിക അംഗവൈകല്യ കാർഡുകൾ ഉള്ളവർക്ക് മാത്രമേ പ്രത്യേക പാർക്കിങ് സൗകര്യങ്ങൾക്ക് അർഹതയുള്ളൂ.
സിക്കിൾ സെൽ രോഗം, മൾട്ടിപ്പിൾ സ്ലിറോസിസ്, ഒടിവുകൾ, താൽക്കാലിക ചലനപ്രശ്നങ്ങൾ എന്നിവ പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സമാനമായ പരിഗണന നൽകാൻ ഈ നിർദ്ദേശം ലക്ഷ്യമിടുന്നു. സ്ഥിരമായ അംഗവൈകല്യത്തിന്റെ നിർവചനത്തിൽ വരാത്ത, എന്നാൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്കും ഈ സൗകര്യം ലഭ്യമാക്കും.
ആശുപത്രികൾ, മന്ത്രാലയങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ വ്യക്തമായി അടയാളപ്പെടുത്തിയ പാർക്കിംഗ് സ്ഥലങ്ങൾ മാറ്റിവെക്കും. നിർദ്ദേശിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ പ്രത്യേക ലോഗോയോ വ്യത്യസ്തമായ നിറത്തിലുള്ള അടയാളങ്ങളോ ഉപയോഗിച്ച് ദുരുപയോഗം തടയാൻ പദ്ധതിയുണ്ടെന്ന് എം.പി. ഫർദാൻ അറിയിച്ചു.
കൂടാതെ, പുതിയ സംവിധാനത്തെക്കുറിച്ചും അർഹതാ മാനദണ്ഡങ്ങളെക്കുറിച്ചും നിയമലംഘനങ്ങൾക്കുള്ള പിഴകളെക്കുറിച്ചും വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കുന്നതിനായി ഒരു പൊതുജന അവബോധ കാമ്പയിനും ഈ സംരംഭത്തിൽ ഉൾപ്പെടും.
വിവിധതരം ദീർഘകാല രോഗങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ പാർക്കിംഗ് പ്രത്യേകാവകാശങ്ങൾക്കുള്ള അർഹത നിർണ്ണയിക്കാൻ വ്യക്തവും വൈദ്യശാസ്ത്രപരമായി നിർവചിക്കപ്പെട്ടതുമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. നിലവിൽ അംഗപരിമിതർക്കുള്ള പാർക്കിംഗ് സ്ഥലങ്ങൾ ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ചാണ് ക്രമീകരിക്കുന്നത്. പുതിയ ചട്ടക്കൂട് സ്ഥാപിച്ചാൽ, ദീർഘകാല രോഗങ്ങൾ ഉള്ളവർക്കും സമാനമായ ക്രമീകരണങ്ങൾ വ്യാപിപ്പിക്കാൻ തയ്യാറാണെന്ന് തൊഴിൽ മന്ത്രാലയം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

