മനുഷ്യക്കടത്ത് ഇരകൾക്കായി ബഹ്റൈനിൽ പ്രത്യേക ഓഫിസ് തുറന്നു
text_fieldsമനാമ: മനുഷ്യക്കടത്ത് ഇരകളെ സഹായിക്കുന്നതിന് ബഹ്റൈനിൽ പ്രത്യേക ഓഫിസ് സ്ഥാപിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുക. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായായിരുന്നു ആഭ്യന്തര മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഈ ഓഫിസ്, ഇരകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കും. കുട്ടികൾക്കായി പ്രത്യേക ഇടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അന്വേഷണഘട്ടം മുതൽ പ്രോസിക്യൂഷൻ വരെയുള്ള നടപടികളിൽ ജുഡീഷ്യൽ അധികാരികളുമായുള്ള സഹകരണം വർധിപ്പിക്കുകയാണ് ഓഫിസിന്റെ പ്രധാന ലക്ഷ്യം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർക്ക് അത് രഹസ്യമായി റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
2008ലെ മനുഷ്യക്കടത്ത് വിരുദ്ധനിയമത്തിനും 2004ലെ പലേർമോ പ്രോട്ടോക്കോളിനും അനുസൃതമായാണ് ബഹ്റൈന്റെ ഈ നീക്കം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 555 എന്ന ഹോട്ട്ലൈൻ നമ്പറിലോ 999 എന്ന ഓപറേഷൻസ് റൂം നമ്പറിലോ അല്ലെങ്കിൽ 555@interior.gov.bh എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കാമെന്ന് ഫോറൻസിക് മീഡിയ ഡിവിഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

