വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സമിതി
text_fieldsമനാമ: സർക്കാർ മന്ത്രാലയങ്ങളിലും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സർവകലാശാല ബിരുദങ്ങൾ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി അടിയന്തര സമിതി രൂപവത്കരിക്കാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും ചൊവ്വാഴ്ച ചേർന്ന സഭയിൽ തീരുമാനമായി. നിർദേശം മേൽ കമ്മിറ്റികൾ അംഗീകരിക്കുകയാണെങ്കിൽ പൊതുമേഖലയിൽ സ്ഥിരമായോ താൽക്കാലികമായോ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളുടെയും വിദ്യാഭ്യാസ യോഗ്യതകൾ ഒരു പ്രത്യേക സമിതിക്ക് കീഴിൽ പരിശോധിക്കും. ക്രമക്കേടുകളോ വ്യാജരേഖകളോ കണ്ടെത്തുന്ന സാഹചര്യത്തിൽ കേസുകൾ ഉടനടി നിയമനടപടികൾക്കായി കൈമാറും.
വിദ്യാഭ്യാസ, തൊഴിൽ, നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും സമിതി പ്രവർത്തിക്കുക. വിവരങ്ങൾ പങ്കുവെക്കുന്നതിനും അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധന പൂർത്തിയാക്കുന്നതിനും ഇത് സഹായിക്കും.
പ്രഫഷനൽ തട്ടിപ്പ് സംഘങ്ങൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് പ്രമേയത്തെ പിന്തുണച്ച എം.പി ഖാലിദ് ബുഅനഖ് പറഞ്ഞു. സാങ്കേതിക, തൊഴിലധിഷ്ഠിത, മെഡിക്കൽ, ശാസ്ത്രീയ മേഖലകളിലുൾപ്പെടെ വ്യാജ സീലുകൾ പതിപ്പിച്ച സർട്ടിഫിക്കറ്റുകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ മന്ത്രാലയവും വെവ്വേറെ പരിശോധന നടത്തുന്നതിന് പകരം ഒരു സമിതിക്ക് കീഴിൽ ഏകീകൃത പരിശോധനാ സംവിധാനം കൊണ്ടുവരുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. സംശയാസ്പദമായ കേസുകളിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇത് സഹായകമാകുമെന്ന് ബുഅനഖ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

