കെയ്റോയിലെ നോമ്പിന് പ്രത്യേക കെയർ
text_fieldsറമദാൻ മാസത്തിൽ ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലെത്തുന്ന സഞ്ചാരികളെ നഗരം പ്രത്യേക 'കെയർ' നൽകി ആദരിക്കുന്നു. നോമ്പുകാലത്ത് വൈകുന്നേരമാവുന്നതോടെ മസ്ജിദ് പരിസരങ്ങളും തെരുവുകളും ഇഫ്താർ ഒരുക്കത്തിനായി സജീവമാകും. ഓരോ തെരുവുകളിലും വ്യത്യസ്ത ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും സൗജന്യ ഇഫ്താർ സംഗമങ്ങൾ ഒരുക്കി വിശ്വാസികളെ വരവേൽക്കുന്നു. നോമ്പുമുറിക്കാനായി ഈജിപ്ഷ്യൻ പരമ്പരാഗത വിഭവങ്ങൾ നൽകുന്നു. തമ്ര ജൂസും, പഴങ്ങളും കൂടാതെ ഐഷ് എന്ന് പറയുന്ന പരമ്പരാഗത ബ്രഡും ഫൂല് കറിയും ഉരുളകിഴങ്ങ്, വഴുതനങ്ങ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ഐറ്റങ്ങളും കൊണ്ട് വിഭവസമൃദ്ധമായ നോമ്പുതുറ തന്നെയാണ് എവിടെ നോക്കിയാലും. കഴിഞ്ഞ വർഷം റമദാന്‍റെ രണ്ടാമത്തെ പത്തിലാണ് ഞങ്ങൾ കുടുംബസമേതം കെയ്റോയിലെത്തുന്നത്. കെയ്റോ തെരുവുകളിലൂടെ ഖുർആൻ പാരായണം കേട്ട് നടക്കുന്നത് തന്നെ വല്ലാത്ത അനുഭൂതി പകരുന്നു.
റമദാനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനറുകളും വിളക്കുകളും കൊണ്ട് തെരുവുകളെല്ലാം അലങ്കരിച്ചിരിക്കുന്നതായി കാണാം. നക്ഷത്രം, ചന്ദ്രൻ തുടങ്ങി പല രൂപത്തിലുള്ള വിളക്കുകൾ തൂക്കിയിട്ട് കൊണ്ടാണ് പ്രധാനമായും അലങ്കരിക്കുന്നത്. ഓരോ വർഷവും പ്രത്യേക തീമുകളിലുള്ള അലങ്കാര വസ്തുക്കളാണ് റമദാൻ മാസത്തിലെത്തുന്നതെന്നാണ് കച്ചവടക്കാർ പറഞ്ഞത്. വിജ്ഞാന സദസ്സുകളും ആരാധനാ കർമങ്ങളിൽ മുഴുകുന്ന വിശ്വാസികളെയും കൊണ്ട് എവിടെയും ഭക്തിമുഖരിതമായ അന്തരീക്ഷമാണ്.
പ്രസിദ്ധമായ അൽ-അസ്ഹർ പള്ളിയിൽ മലയാളികളടക്കം ആയിരകണക്കിനാളുകളാണ് ദിവസവും നോമ്പുതുറക്കാൻ എത്തുന്നത്. അൽ-അസ്ഹർ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാർത്ഥികളെ കൂടുതലായും ഈ സമൂഹ നോമ്പുതുറയിൽ പങ്കെടുക്കുന്നത് കാണാം. നിരവധി മലയാളി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കെയ്റോയിലെ മത്വരിയ പ്രദേശത്തെ 'ഇഫ്താർ മാഇദ' ലോകത്തെ തന്നെ ഏറ്റവും വലിയ ഇഫ്താർ ടേബിളായി അറിയപ്പെടുന്നു.
ഈജിപ്തിലെ നോമ്പുകാലം ഈജിപ്ഷ്യന്മാർക്ക് പ്രത്യേക ആഘോഷങ്ങളുടെ കാലം കൂടിയാണ്. രാവും പകലും വ്യത്യാസമില്ലാതെ ജനങ്ങൾ റോഡുകളിലും തെരുവുകളിലും ഉത്സവപൊലിമയിലാണ്. കുട്ടികൾ കൈകളിൽ കുഞ്ഞ് ഫാനൂസ് വിളക്കുകൾ തൂക്കി പിടിച്ച് നടക്കുന്നത് നല്ല ചന്തമുള്ള കാഴ്ചയാണ്. 'ബാബാ ആതി ഫാനൂസ്' ബാപ്പ, എനിക്കൊരു ഫാനൂസ് കൊണ്ടു വരൂ തുടങ്ങിയ വരികളിൽ തുടങ്ങുന്ന ഗാനങ്ങളൊക്കെ നോമ്പുകാലങ്ങളിൽ ട്രെൻഡാണ്. വ്യത്യസ്തങ്ങളായ വർണ്ണനകളിലും ഡിസൈനുകളിലും വ്യത്യസ്ത ആകൃതിയിലും വ്യത്യസ്ത വലിപ്പത്തിലുമായി ലഭിക്കുന്ന ഫാനൂസ് വിളക്കുകൾ ഈജിപ്തിലെ റമദാൻ്റെ മഹിമ വിളിച്ചോതുന്നു.
തെരുവുകളിലും, റസ്റ്ററൻ്റുകളിലും നൈൽ നദിയിലെ ക്രൂയിസ് ഇഫ്താറുകളിലും വർണ്ണാഭമായ മിസ്രികളുടെ തനത് നൃത്തവും അറബിക് ഡാൻസും കൊണ്ട് എങ്ങും സംഗീതമുഖരിതമാണ് കെയ്റോ നൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
