ബഹ്റൈനിൽ ബഹിരാകാശ ഏജൻസി സ്ഥാപിക്കും
text_fieldsമനാമ: ബഹ്റൈനിൽ ബഹിരാകാശ ഏജൻസി സ്ഥാപിക്കുമെന്ന ഉത്തരവുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തെത്തുടർന്നും മന്ത്രിസഭയുടെ അംഗീകാരങ്ങൾക്കു ശേഷവുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ബഹ്റൈൻ സ്പേസ് ഏജൻസി എന്ന പേരിലാവും അറിയപ്പെടുക. സുപ്രീം ഡിഫൻസ് കൗൺസിലിന് കീഴിലും കൗൺസിൽ സെക്രട്ടറി ജനറലിന്റെ മേൽനോട്ടത്തിലുമായിരിക്കും ഏജൻസി പ്രവർത്തിക്കുക. എൻ.എസ്.എസ്.എയുടെ സ്ഥാപിത ഉത്തരവായ 2014 നിയമം (11) ലെ എല്ലാ പരാമർശങ്ങളും പുതിയ ഉത്തരവോടെ ഭേദഗതി ചെയ്യും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും. ബഹ്റൈൻ സ്പേസ് ഏജൻസി വരുന്നതോടെ ഘടനാപരമായും പ്രവർത്തനങ്ങളിലും എൻ.എസ്.എസ്.എയിൽനിന്ന് കൂടുതൽ മാറ്റങ്ങൾ നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിരീടാവകാശിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ അൽ മുൻദിറിന്റ വിജയത്തെയും ഹമദ് രാജാവിനെയും പ്രശംസിച്ചിരുന്നു. ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ പുരോഗതിയെയും പ്രാദേശിക അന്തർദേശീയ വികസനത്തിനുള്ള സംഭാവനകളെയും ഈ വിജയം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ അൽ മുൻദിറിന്റെ വിജയത്തിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെയും മന്ത്രിസഭ പ്രശംസിച്ചു.
ബഹ്റൈനിലെ ആദ്യ പ്രാദേശിക നിർമിത ഉപഗ്രഹമായ അൽ മുൻദിർ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് വിക്ഷേപിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 9.39 ന് ലോഞ്ച് ചെയ്ത ഉപഗ്രഹം 54 മിനിറ്റുകൾക്കകം ഭ്രമണപഥത്തിലെത്തിയിരുന്നു. ബഹിരാകാശ ശാസ്ത്രരംഗത്തെ ഒരു നാഴികക്കല്ലായാണ് അൽ മുൻദിറിന്റെ വിജയത്തെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

