പഴയ ഫർണിച്ചറുകൾ നീക്കംചെയ്യാൻ പദ്ധതിയുമായി സതേൺ മുനിസിപ്പാലിറ്റി
text_fieldsപഴയ ഫർണിച്ചറുകൾ വാഹനത്തിൽ നീക്കം ചെയ്യുന്നു
മനാമ: വീടുകളിലെ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ഒഴിവാക്കുന്നതിന് പദ്ധതിയുമായി സതേൺ മുനിസിപ്പാലിറ്റി. വീടുകളിലെത്തി പഴയ വീട്ടുപകരണങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യനിക്ഷേപ പെട്ടികൾക്ക് സമീപവും പഴയ ഫർണിച്ചറുകൾ ഉപേക്ഷിക്കുന്ന രീതി ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഈവർഷം ജൺ വരെയുള്ള കാലയളവിൽ 160 ടൺ പഴയ വീട്ടുപകരണങ്ങളാണ് സ്വകാര്യ ക്ലീനിങ് കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റി പരിധിയിലെ 61 വീടുകളിൽനിന്നാണ് ഇത്രയും ഫർണിച്ചറുകൾ ശേഖരിച്ചത്. 2020 ജൂണിലാണ് മുനിസിപ്പാലിറ്റി പദ്ധതി ആവിഷ്കരിച്ചത്. 484 വീടുകളിൽനിന്ന് ഇതുവരെ 1210 ടൺ വീട്ടുപകരണങ്ങളാണ് ശേഖരിച്ചത്.
ഫ്ലാറ്റുകൾക്ക് സമീപം വെക്കുന്ന മാലിന്യ ശേഖരണ പെട്ടികൾക്കടുത്ത് പഴയ വീട്ടുപകരണങ്ങൾ ഉപേക്ഷിക്കുന്നത് ശുചീകരണ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. വലിയ ഫർണിച്ചറുകൾ മാലിന്യ വണ്ടിയിൽ നീക്കംചെയ്യുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് ബദൽ സംവിധാനവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തിയത്. പഴയ വീട്ടുപകരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിന് പൗരൻമാർക്കായി 80070000 എന്ന ഹോട്ലൈൻ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പ്രായമായവർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുമായാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഭാവിയിൽ എല്ലാവർക്കും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ ആഴ്ചയിൽ രണ്ടുദിവസമാണ് പഴയ ഫർണിച്ചറുകൾ നീക്കം ചെയ്യുന്നത്.
ഇത് ആഴ്ചയിൽ അഞ്ചുദിവസമാക്കാനും ലക്ഷ്യമുണ്ട്. പദ്ധതി ആരംഭിച്ചതോടെ പഴയ ഫർണിച്ചറുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലത്തിന് മാറ്റമുണ്ടായതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

