സൂഖ് വാഖിഫ്; പുനർവികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsസൂഖ് വാഖിഫ് പുനർനിർമാണത്തിനുശേഷം, ചിത്രകാരന്റെ ഭാവനയിൽ
മനാമ: ഹമദ് ടൗണിലെ പ്രശസ്തമായ സൂഖ് വാഖിഫ് പുനർവികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിലുള്ള കടകളും റസ്റ്റാറന്റുകളും സമീപപ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് നിർമാണപ്രവർത്തനങ്ങൾക്കുള്ള വഴി ഒരുക്കി. വികസനത്തിന്റെ ഭാഗമായി, സൂഖിന് സമീപമുള്ള സായിദ് ബിൻ ഒമൈറ ഹൈവേയിൽ എല്ലാ അവശ്യസേവനങ്ങളും ഉൾപ്പെടുന്ന ഒരു പുതിയ പെട്രോൾ സ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
ഇത് പ്രദേശവാസികൾക്ക് കൂടുതൽ സൗകര്യവും പ്രവേശനക്ഷമതയും ഉറപ്പാക്കും. ഹൈവേയോരത്തെ കടകളും ഈ വികസനത്തിന്റെ പരിധിയിൽ വരും, പുതിയ മാർക്കറ്റിന്റെ മെച്ചപ്പെടുത്തിയ രൂപകൽപനക്കും പ്രവർത്തനക്ഷമതക്കും അനുസൃതമായി എല്ലാ വാണിജ്യ സ്ഥാപനങ്ങളെയും പരിഷ്കരിക്കും.
ചന്തയുടെ ചരിത്രപരമായ ആകർഷണം നിലനിർത്തിക്കൊണ്ടുതന്നെ അതിന്റെ അടിസ്ഥാനസൗകര്യങ്ങൾ ആധുനീകരിക്കാനും താമസക്കാർക്കും വ്യാപാരികൾക്കും സന്ദർശകർക്കും ആകർഷകമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കഴിഞ്ഞമാസമാണ് പുനർവികസന പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പേരിലുള്ള, സൂഖിനടുത്തുള്ള പള്ളിയും നവീകരിക്കും. പള്ളിയുടെ സേവനങ്ങൾ വിപുലീകരിക്കാനും ചുറ്റുമുള്ള പ്രദേശം മെച്ചപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. വടക്കൻ മുനിസിപ്പൽ കൗൺസിൽ സാങ്കേതികസമിതി ചെയർമാനും ഏരിയ കൗൺസിലറുമായ ജാസിം ഹെജ്രെസ് അറിയിച്ചതനുസരിച്ച്, പദ്ധതിയുടെ അടുത്തഘട്ടത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്.
ഈ പുനർവികസനം മാർക്കറ്റിന്റെ ഭാവിക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൂഖ് വാഖിഫ് എൻഡോവ്മെന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സ്വകാര്യ ഓഫിസ്, പൗരന്മാർ, താമസക്കാർ, നിലവിലെ വാടകക്കാർ, നിക്ഷേപകർ എന്നിവർക്ക് മികച്ച സേവനം നൽകുന്നതിനായി എല്ലാ മാർക്കറ്റ് സൗകര്യങ്ങളും പൂർണമായി നവീകരിക്കുമെന്ന് സ്ഥിരീകരിച്ചതായി ഹെജ്രെസ് അറിയിച്ചു.
സൂഖിന്റെ പൈതൃകസ്വത്വം നിലനിർത്തുന്നത് ബോർഡിന്റെ പ്രധാന മുൻഗണനയായി തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പദ്ധതി പ്രദേശത്തെ സാമ്പത്തിക, സാമൂഹികപ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാണവേളയിൽ മാറ്റിപ്പാർപ്പിച്ച വാടകക്കാർക്ക് പുനർവികസനത്തിനുശേഷം വീണ്ടും പാട്ടത്തിന് നൽകുമ്പോൾ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

