സോഷ്യൽ മീഡിയ ദുരുപയോഗം; 27കാരനെ അറസ്റ്റ് ചെയ്ത് സൈബർ കുറ്റകൃത്യ വിരുദ്ധ വിഭാഗം
text_fieldsപിടിയിലായ പ്രതി
മനാമ: സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത 27കാരനെ അറസ്റ്റ് ചെയ്ത് സൈബർ കുറ്റകൃത്യ വിരുദ്ധ വിഭാഗം. ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് അറസ്റ്റ്.
അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷ വിഭാഗത്തിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഡയറക്ടറേറ്റ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനിടെയാണ് പ്രതി പങ്കുവെച്ച നിയമലംഘനപരമായ പോസ്റ്റ് കണ്ടെത്തിയത്. പിന്നീട് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും, കുറ്റവാളിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമപരമായ നടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ദേശീയവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കാനും ഡയറക്ടറേറ്റ് എല്ലാവരോടും അഭ്യർഥിച്ചു. നിയമം ലംഘിക്കുകയോ ബഹ്റൈൻ സമൂഹത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുകയോ ചെയ്യുന്ന ഒരു ഉള്ളടക്കവും പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
പൊതുക്രമം നിലനിർത്തുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും തങ്ങൾ അതീവ ശ്രദ്ധാലുക്കളാണെന്ന് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

