സോഷ്യൽ ഇൻഷുറൻസിനെയും ലേബർ ഫണ്ടിനെയും കബളിപ്പിച്ച് തട്ടിയത് 2.3 ലക്ഷം ദീനാർ
text_fieldsമനാമ: സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തെയും (എസ്.ഐ.ഒ) ലേബർ ഫണ്ടിനെയും കബളിപ്പിച്ച് 2,30,000 ബഹ്‌റൈൻ ദിനാർ തട്ടിയെടുത്ത കേസിൽ പത്ത് ഉന്നത ജീവനക്കാർ വിചാരണ നേരിടുന്നു. വ്യാജരേഖകൾ നിർമ്മിക്കുകയും അവ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തതിനാണ് ബഹ്‌റൈൻ സ്വദേശികളായ പ്രതികൾക്കെതിരെ ഹൈ ക്രിമിനൽ കോടതി അഞ്ച് കുറ്റങ്ങൾ ചുമത്തിയത്. പ്രതികളിൽ നാല് പേർ സഹോദരങ്ങളാണ്.
രണ്ട് കമ്പനി ഉടമകളായ സഹോദരങ്ങളാണ് ഈ തട്ടിപ്പിന്റെ പ്രധാന സൂത്രധാരർ. വ്യാജ തൊഴിൽ കരാറുകൾ സമർപ്പിച്ച് എസ്.ഐ.ഒയിൽ നിന്ന് 90,000 ദിനാറും തംകീനിൽ നിന്ന് 1,40,000 ദിനാറും ഇവർ കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്നു. സാമൂഹിക ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനധികൃതമായി നേടിയെടുക്കുന്നതിനായി പുതിയ ജീവനക്കാരെ അവരുടെ വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) രേഖകളിൽ ചേർത്ത് രണ്ട് സ്ഥാപനങ്ങളെയും ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇവർക്കെതിരെ കുറ്റം ചുമത്തി. പത്ത് പ്രതികളിൽ മൂന്ന് പേർ പുരുഷന്മാരും ഏഴ് പേർ സ്ത്രീകളുമാണ്. എക്സിക്യൂട്ടീവ്, മാനേജർ, ട്രഷറർ, റിയൽ എസ്റ്റേറ്റ് ഏജന്റ്, സെക്രട്ടറി, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ക്ലർക്ക് തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഇവർ.
ഈ തട്ടിപ്പിൽ എട്ട് വാണിജ്യ രജിസ്ട്രേഷനുകൾ ഉൾപ്പെട്ടിട്ടുണ്ട്. അതിന് കീഴിൽ 33 കമ്പനികളോ അവയുടെ ബ്രാഞ്ചുകളോ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സിആറുകളിൽ ആറെണ്ണം സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളതും രണ്ടെണ്ണം പാകിസ്താൻ, സൗദി പൗരന്മാരുടേതുമാണ്. മാർക്കറ്റിങ്, ഓഫീസ് സാധനങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയ വിവിധ സേവന മേഖലകളിലാണ് ഈ കമ്പനികൾ പ്രവർത്തിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിക്കുകയും ചെയ്തു. കൂടാതെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു. തംകീൻ, എസ്.ഐ.ഒ ഉദ്യോഗസ്ഥരെയും ഈ തട്ടിപ്പിൽ പേര് ഉപയോഗിച്ച ജീവനക്കാരെയും ചോദ്യം ചെയ്തു. വ്യാജരേഖാ വിദഗ്ദ്ധന്റെ റിപ്പോർട്ടിൽ ചില കരാറുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
കേസിൽ സെപ്റ്റംബർ 16-ന് വിധി പ്രഖ്യാപിക്കും. പ്രധാന പ്രതികളായ രണ്ട് സഹോദരങ്ങളൊഴികെ മറ്റെല്ലാ പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ tamkeen.bh/whistleblower-form എന്ന വെബ്സൈറ്റിലൂടെയോ, 17383383 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ, report@tamkeen.bh എന്ന ഇ-മെയിൽ വഴിയോ അറിയിക്കണമെന്ന് തംകീൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

