സഖി – 31 ഡേയ്‌സ് ഓഫ് കെയർ: എസ്.എൻ.സി.എസ് വനിതാ ഫോറം സ്തനാർബുദ ബോധവത്കരണ സെമിനാർ
text_fieldsഎസ്.എൻ.സി.എസ് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ സെമിനാർ
മനാമ: അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി, ശ്രീ നാരായണ സാംസ്കാരിക കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “സഖി – 31 ഡേയ്‌സ് ഓഫ് കെയർ” കാമ്പയിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ സെമിനാറും ചോദ്യോത്തര വേളയും വിജയകരമായി സംഘടിപ്പിച്ചു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കിംസ്ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോ. കൃഷ്ണപ്രിയ ലീല മുഖ്യാതിഥിയായി പങ്കെടുത്തു ബോധവത്കരണ വിവരണവും സംശയനിവാരണവും നടത്തി.
ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ നീതു പ്രസാദ് സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അഞ്ചു അജേഷ് മുഖ്യ അവതാരകയായിരുന്നു. വനിതാ വിഭാഗം സെക്രട്ടറി ധന്യ ശ്രീലാൽ ചടങ്ങിന് ഔപചാരികമായി നന്ദി അറിയിച്ചു. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിൽ പരം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്യമായ പരിചരണത്തെക്കുറിച്ചും ബോധവൽക്കരിക്കുകയായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.
"വനിതകൾ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് 'സഖി – 31 ഡേയ്‌സ് ഓഫ് കെയർ' കാമ്പയിനിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച നടന്ന ഈ കൂട്ടായ്മ സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു ചുവടുവെയ്പ്പാണ്," എന്ന് എസ്.എൻ.സി.എസ് വനിതാ ഫോറം പ്രതിനിധികൾ വ്യക്തമാക്കി. സ്ത്രീകളുടെ ആരോഗ്യ ബോധവൽക്കരണത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് ഡോ. കൃഷ്ണപ്രിയ ലീലയ്ക്ക് വനിതാ ഫോറം നന്ദി രേഖപ്പെടുത്തി.

