ചിരിക്കുന്ന മുഖങ്ങളും പ്രതീക്ഷയുടെ നിഴലുകളും
text_fields2025ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം. ഓർമകളുമായി മനസ്സ് ഏറെ സന്തോഷത്തോടെ ആകാശപ്പരവതാനിയിൽ ഒരു യാത്ര തുടങ്ങി. പണ്ട് അനുഭവിച്ച ഹരിതസുന്ദര സുഖസമൃദ്ധമായ സ്വന്തം നാട്ടിൽ എത്തിച്ചേർന്നപ്പോൾ യാത്ര നിന്നു. മനസ്സ് ഏറെ സന്തോഷിച്ചു.
വീണ്ടും തെരഞ്ഞെടുപ്പ്. ഇത്തവണ നാട്ടിൽ മത്സരാർഥികളായി സ്കൂളിൽ ഒപ്പം പഠിച്ച രണ്ട് കൂട്ടുകാർ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ ഏറെ സന്തോഷം തോന്നി. സാധാരണക്കാർക്ക് മനസ്സിൽ രാഷ്ട്രീയമില്ലാതെ വോട്ട് ചെയ്യാൻ തോന്നുന്ന സമയമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വോട്ടായി നൽകുമ്പോൾ അവിടെ നാടിന്റെ നന്മയും ജനസേവനവും ലക്ഷ്യമിട്ട് വേണം അധികാരത്തിൽ എത്തുന്നവർ പ്രവർത്തിക്കാൻ. അതുപോലെ പറയുന്ന വാക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമോ എന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിച്ചതിനുശേഷം മാത്രമേ വാഗ്ദാനങ്ങളും നൽകാവൂ. ജനങ്ങൾ നോക്കേണ്ടത് അവരുടെ വോട്ട് പാഴാകരുത്, അവരുടെ നേതാവിന് കഴിവുകൾ ഉണ്ടായിരിക്കണം. ഇങ്ങനെയൊരു ചിന്ത രണ്ടു ഭാഗത്തും ഉണ്ടായാൽ നാട് നന്നാകും അല്ലെങ്കിൽ എല്ലാം പരാതിപ്പെട്ടിയിൽ അവസാനിക്കും.
പണ്ട്, പഠിച്ച സ്കൂളിൽ വോട്ട് ചെയ്യാൻ വരിവരിയായി നിന്നപ്പോൾ ഓർമ വന്നത് പഠിച്ചിരുന്ന കാലത്തെ സ്കൂൾ ഇലക്ഷനാണ്. അഞ്ചിലും ഏഴിലും ക്ലാസിൽ ഇലക്ഷന് മത്സരിച്ച് ജയിച്ചു. കാലം മാറി ഇന്ന് വിദ്യാലയങ്ങളിൽ ഇലക്ഷൻ ഇല്ല. പേപ്പറിൽ കുറിച്ചിടുന്ന സമയവും കടന്നുപോയി. വോട്ടിങ് മെഷീൻ എത്തി അതിലും വോട്ട് ചെയ്തു. നാടിന്റെ നന്മയും വികസനവും മനസ്സിൽ കണ്ട് നടന്ന സ്ഥലങ്ങളിൽ വികസനത്തിന്റെ പൊരുൾ എത്രമാത്രം എത്തി എന്നറിയാൻ ഇടക്കിടെ നാട്ടിലേക്ക് വിരുന്നുപോകുന്ന മനുഷ്യനായിത്തീർന്നു ഓരോ പ്രവാസിയും. വീടിന്റെ മുറ്റത്ത് എത്തുന്ന നേതാക്കന്മാരുടെയും അവർക്കൊപ്പം എത്തുന്ന അണികളുടെയും പുഞ്ചിരിച്ചുനിൽക്കുന്ന മുഖം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
പോസ്റ്റിലും മതിലിലും അതുപോലെ കിട്ടുന്ന എല്ലാ ഒഴിവുള്ള സ്ഥലങ്ങളും നേതാക്കന്മാർ നേരത്തേ സ്വന്തമാക്കും. പിന്നെ, വഴിയെ നടന്നുപോകുമ്പോൾ ചിരിച്ചു കാണിക്കുന്ന വലിയ മുഖവും വലിയ പേരും ചിഹ്നവും കാണാൻ ഒരു നല്ല ചന്തമായിരുന്നു. അവരുടെ ചിത്രങ്ങൾ അതുപോലെ ഭിത്തിയിൽ വരച്ചുതീർത്തവർക്ക് ഇന്ന് അഭിനന്ദനങ്ങൾ നേരുന്നു.
നാടും നാട്ടുകാരും ഒക്കെ മാറി. വികസനം എത്തിയ നാടിന്റെ മുഖച്ഛായ പലപ്പോഴും പലരും പങ്കിടുന്ന ആകാശക്കാഴ്ച എന്ന ഫോട്ടോ ഫ്രെയിമിൽ കാണുമ്പോൾ എന്റെ നാട് എന്റെ റോഡ് എന്നൊക്കെ മനസ്സിൽ ചിന്തിച്ച് അതിനെ വലുതാക്കി കാണും. മാറ്റം ഉണ്ടായോ എന്നൊരു ചോദ്യം പിന്നെയും മനസ്സിലേക്ക് ഓടിയെത്തും. അതൊക്കെ നേരിൽ കാണാനും അറിയാനും വാഹനവുമെടുത്ത് യാത്ര തുടങ്ങും. കൊള്ളാമെന്ന വാക്ക് ഉച്ഛരിക്കും മുമ്പേ വാഹനം കുഴിയിൽ താഴും. പിന്നിൽ ഇരിക്കുന്നവർ പറയുന്ന വാക്കിൽ പ്രതീക്ഷകൾ അകലെ മറയും. പ്രതികരിക്കാൻ പ്രവാസിക്ക് ശക്തിയുണ്ടോ? അവൻ നാളെ മടങ്ങേണ്ടവൻ അല്ലേ? വിശാലമായ മനസ്സിൽ വിതുമ്പുന്ന ഹൃദയം നിശ്ശബ്ദതയുടെ മുഖംമൂടി ധരിക്കുമ്പോൾ അവർക്കും ഒരു വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോകുന്നു.
കഴിഞ്ഞദിവസം വീട്ടിൽ വിളിച്ചപ്പോൾ, എങ്ങനെ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ എന്ന് ചോദിച്ചപ്പോൾ പഴയ ഓർമകൾ അവർ ഒരിക്കൽക്കൂടി സമ്മാനിച്ചു. വീണ്ടും ചിരിക്കുന്ന മുഖവുമായി നേതാക്കൾ എത്തുന്നു. പക്ഷേ, വഴി മോശം. ഇവിടെ വഴി വിളക്ക് തെളിഞ്ഞിട്ട് കുറെയായി എന്ന് പരാതി പറഞ്ഞു. ആരോട് പറയാൻ. അവർ പറഞ്ഞു മടുത്തു. പിന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. എല്ലാ തിരക്കുകളും മാറ്റിവെച്ച് വോട്ട് ചോദിച്ച് എത്തുന്നുവെങ്കിൽ പരാതികളും കേൾക്കാനുള്ള മനോഭാവം എല്ലാവർക്കും ഉണ്ടാകണം. നാടിനു വികസനം വേണം. എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

