എസ്.എം.സി റേഡിയോളജി ഡിപ്പാർട്മെന്റ്: ഒന്നരമാസത്തിനിടെ നടത്തിയത് 7255 പരിശോധനകൾ
text_fieldsമനാമ: ഒന്നര മാസത്തിനിടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി ഡിപ്പാർട്മെന്റിൽ നടത്തിയത് 7255 പരിശോധനകൾ. സർക്കാർ ഹോസ്പിറ്റലുകളുടെ സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 19 മുതൽ ജൂലൈ 31 വരെ കാലയളവിലാണ് ഇത്രയും പരിശോധനകൾ നടത്തിയത്. പരിശോധനകളുടെ കാര്യത്തിൽ 58 ശതമാനം വർധനയാണുണ്ടായത്.
കാത്തിരിക്കുന്ന സമയം കുറക്കാൻ സ്വീകരിച്ച നടപടികളുടെ ഫലമായാണ് ഇത്രയും പരിശോധനകൾ നടത്താനായതെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി. റേഡിയോളജി ഡിപ്പാർട്മെന്റിലെ തിരക്ക് കുറക്കാനുളള പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് തുടങ്ങിയത്. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും കൂടുതൽ സൗകര്യം ഏർപ്പെടുത്തി രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഇത്. സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സൽമാനിയയിലെ റേഡിയോളജി ഡിപ്പാർട്മെന്റിൽ നടത്തിയ എം.ആർ.ഐ സ്കാനിങ്ങുകളുടെ എണ്ണം 41 ശതമാനവും സി.ടി സ്കാനുകൾ 39 ശതമാനവും അൾട്രസൗണ്ട് പരിശോധനകൾ 75 ശതമാനവും മാമ്മോഗ്രഫി പരിശോധനകൾ 43 ശതമാനവും വർധിച്ചു. ഇത്രയധികം രോഗികൾക്ക് സേവനം നൽകാൻ സന്നദ്ധരായ ജീവനക്കാരെ സി.ഇ.ഒ അഭിനന്ദിച്ചു. അപ്പോയ്ൻമെന്റ് ലഭിക്കുന്ന രോഗികൾ കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ ശ്രദ്ധിക്കണമെന്നും ജൂലൈയിൽ 13 ശതമാനം പേർ അപ്പോയ്ൻമെന്റ് സമയത്ത് ഹാജരായില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോയ്ൻമെന്റ് സമയം കൃത്യമായി പാലിച്ചാൽ ചികിത്സ യഥാസമയംതന്നെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.