ബഹ്റൈനിൽ സ്‌മാർട്ട് പാർക്കിങ് മീറ്ററുകൾ വ്യാപകമാക്കുന്നു
text_fieldsമനാമ: ബഹ്റൈനിലുടനീളമുള്ള കാലഹരണപ്പെട്ട കോയിൻ ഓപറേറ്റഡ് പാർക്കിങ് മീറ്ററുകൾ മാറ്റി, സോളാറിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. പൗരന്മാരുടെയും മുനിസിപ്പൽ പ്രതിനിധികളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.
ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിന് നിർദേശം നൽകി. സ്‌മാർട്ട്‌ഫോൺ ആപ്പുകൾ, കോൺടാക്റ്റ്‌ലെസ് കാർഡുകൾ, നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ടെക്നോളജി എന്നിവ ഉൾപ്പെടെ വിവിധതരം ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ പുതിയ മീറ്ററുകളിൾ സ്വീകാര്യമാണ്.
30 മിനിറ്റിന് 100 ഫിൽസ് ആണ് പാർക്കിങ് ചാർജ്. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. നിയമലംഘകർക്ക് 50 ദീനാർ പിഴയുമുണ്ട്. ഇത് ഒരാഴ്ചക്കുള്ളിൽ അടച്ചാൽ 25 ദീനാറായി കുറയും. മുഹറഖിൽ കഴിഞ്ഞ ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മീറ്ററുകൾ വിജയകരമായി സ്ഥാപിച്ചതിനെ തുടർന്നാണ് തീരുമാനം.
ഈ സംരംഭത്തെ സ്വാഗതം ചെയ്ത കാപിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ സാലിഹ് തറാദ, പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെട്ടു. ഇന്ധനം അടയ്ക്കാൻ ബെനഫിറ്റ് പേ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ കണ്ടതുപോലെ, ആളുകൾ ഈ മാറ്റങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുമെന്നും തറാദ കൂട്ടിച്ചേർത്തു.
പുതിയ സംവിധാനം ഡ്രൈവർമാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം രാജ്യത്തിന്റെ സുസ്ഥിരത ലക്ഷ്യങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ചോ കോൺടാക്റ്റ്‌ലെസ് കാർഡ് ഉപയോഗിച്ചോ പണം വേഗത്തിൽ അടയ്ക്കാൻ കഴിയുമെന്നും അതുവഴി സമയം ലാഭിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ മീറ്ററുകൾ കോയിൻ ഓപറേറ്റഡ് മീറ്ററുകളുടെ പരിപാലന ചെലവ് കുറയ്ക്കും. കൂടാതെ, പാർക്കിങ് ഉപയോഗത്തെക്കുറിച്ചുള്ള ഡിജിറ്റൽ വിവരങ്ങൾ ലഭിക്കുന്നത് ആസൂത്രണം മെച്ചപ്പെടുത്താൻ സഹായിക്കും. പേപ്പർ ടിക്കറ്റുകളും നാണയങ്ങളും ഒഴിവാക്കുന്നതിലൂടെ മാലിന്യം കുറയ്ക്കാനും കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനെ ഒരു സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ നീക്കം കരുത്തേകുമെന്നും തറാദ കൂട്ടിച്ചേർത്തു. പഴയ മീറ്ററുകൾ കാരണം ചില സ്ഥലങ്ങളിൽ ആളുകൾ ഷോപ്പിങ്ങിന് വരാൻ മടിച്ചിരുന്നതായും ഇത് പ്രാദേശിക വാണിജ്യത്തെ ബാധിച്ചതായും അധികൃതർ പറഞ്ഞു.
മനാമ, ഹൂറ, ഗുദൈബിയ, മുഹറഖ്, ഇസാ ടൗൺ, റിഫ എന്നിവിടങ്ങളിലെ താമസക്കാരും ബിസിനസ് ഉടമകളും വർഷങ്ങളായി നാണയങ്ങളുടെ കുറവ് കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി പരാതിപ്പെട്ടിരുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഘട്ടംഘട്ടമായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയം കൗൺസിലുകളുമായി സഹകരിക്കും. ബഹ്‌റൈനിലെ പാർക്കിങ് സംവിധാനങ്ങൾ ഉപഭോക്തൃ സൗഹൃദവും, പരിസ്ഥിതിക്ക് ഉത്തരവാദിത്തമുള്ളതും, രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന് അനുസൃതവുമാക്കുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

