ചെറുകിട കപ്പലുകളുടെ രജിസ്ട്രേഷനും ലൈസൻസും; ഇ-പോർട്ടലിന് മികച്ച പ്രതികരണം
text_fieldsമനാമ: ചെറുകിട കപ്പലുകളുടെ രജിസ്ട്രേഷനും ലൈസൻസിങ്ങിനും വേണ്ടിയുള്ള ഇ-പോർട്ടൽ സംവിധാനത്തിന് മികച്ച പ്രതികരണം. ഫെബ്രുവരിയിൽ ഇ-പോർട്ടൽ ആരംഭിച്ചതുമുതൽ ഡിജിറ്റൽ സംവിധാനം നിരവധിപേർ ഉപയോഗിച്ചതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ ആദ്യവാരം വരെ ഈ പോർട്ടൽ വഴി 10,000ത്തിലധികം ഇടപാടുകൾ പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളുടെയും 53 ശതമാനത്തിലധികം ഇപ്പോൾ ഈ പോർട്ടൽ വഴിയാണ് നടക്കുന്നത്.പ്രവർത്തനക്ഷമതയും സേവന വിതരണവും കാര്യക്ഷമമാക്കുന്നതിൽ ഇ-പോർട്ടൽ സംവിധാനത്തിനുള്ള പ്രാധാന്യം പോർട്ട്സ് ആൻഡ് മാരിടൈം അഫയേഴ്സ് അണ്ടർസെക്രട്ടറി ബദർ ഹൂദ് അൽ മഹ്മൂദ് ചൂണ്ടിക്കാട്ടി. ഈ സംരംഭങ്ങൾ മന്ത്രാലയത്തിന്റെ സുസ്ഥിര ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണ്.
ഇത് ഗവൺമെന്റ് പ്ലാൻ (2023-2026), ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 എന്നിവയുമായി യോജിക്കുന്നു. കൂടാതെ പൗരന്മാർക്കും താമസക്കാർക്കും നൂതന സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകളുടെയും മറ്റ് ജലവാഹനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യുക, പുതുക്കുക, നാവിഗേഷൻ പെർമിറ്റുകൾ, ഉടമസ്ഥാവകാശം കൈമാറൽ, രജിസ്ട്രേഷൻ പ്ലേറ്റ് പ്രിന്റ് പെർമിറ്റുകൾ നൽകൽ, സാങ്കേതിക പരിശോധനകൾ നടത്തുക, സർട്ടിഫിക്കറ്റുകളും ലൈസൻസുകളും പുതുക്കുക, ഡിലീഷൻ സർട്ടിഫിക്കറ്റുകൾ നൽകൽ, നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയത് എടുക്കാനും ഈ ഇ-പോർട്ടൽ സംവിധാനം പൊതുജനങ്ങളെ സഹായിക്കുന്നു.
ഇതുകൂടാതെ, അപേക്ഷയുടെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാനും ഓൺലൈനായി പണം അടക്കാനും സർട്ടിഫിക്കറ്റുകൾ ക്യു.ആർ കോഡ് വെരിഫിക്കേഷനോടുകൂടി ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാക്കാനും സാധനങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്. ഈ സൗകര്യങ്ങൾ ചെറുകിട കപ്പലുകളുടെ രജിസ്ട്രേഷൻ ഓഫിസിലെ നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

