കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsഅറ്റോണി ജനറൽ അലി ബിൻ ഫദ്ൽ അൽ ബൂഐനൈൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷനിൽ എത്തിയ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. 44,050 ക്രിമിനൽ കേസുകളാണ് 2022ൽ രജിസ്റ്റർ ചെയ്തത്. തലേ വർഷത്തേക്കാൾ 3.5 ശതമാനം വർധനയാണ് മോഷണം, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലുണ്ടായത്. അറ്റോണി ജനറൽ അലി ബിൻ ഫദ്ൽ അൽ ബൂഐനൈനാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയിലുള്ള വർധനയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ചെറിയതോതിൽ കൂടാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 87,000 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷനു മുന്നിലെത്തിയത്.
ഇതിൽ 98 ശതമാനം കേസുകളിലും അന്വേഷണം പൂർത്തിയാക്കി. സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും സോഷ്യൽ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വർഷം വർധനയുണ്ടായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 25 പരാതികളാണ് ലഭിച്ചത്. തെളിവില്ലാത്തതിനാൽ ഇതിൽ 12 എണ്ണം തള്ളിക്കളഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 2.7 ദശലക്ഷം ദീനാറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുകയും 24 ദശലക്ഷം ദീനാർ പിഴയായി ഈടാക്കുകയും ചെയ്തു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികളിലും വർധനയുണ്ടായി. 2021ലെ 29 കേസുകളുടെ സ്ഥാനത്ത് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 53 കേസുകളാണ്. ഇതിൽ 14 കേസുകൾ കോടതിയിലേക്ക് കൈമാറി. ആറു പരാതികളിൽ അന്വേഷണം നടന്നുവരുകയാണ്.
മറ്റു പരാതികൾ തെളിവില്ലാത്തതിനാൽ തള്ളിക്കളഞ്ഞു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കുട്ടികളുടെയും കുടുംബത്തിന്റെയും പ്രോസിക്യൂഷനു മുന്നിൽ 3017 കേസുകളാണ് പോയ വർഷം എത്തിയത്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ നേരിയ കുറവുണ്ടായി. 2021ൽ 1137 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം 961 കേസുകളാണുണ്ടായത്. ഇതിൽ 501 കേസുകൾ വാട്സ്ആപ്പിലൂടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇൻസ്റ്റഗ്രാം വഴിയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 258 കേസുകളും സ്നാപ്ചാറ്റുമായി ബന്ധപ്പെട്ട് 78 കേസുകളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട് 54 കേസുകളും ട്വിറ്ററുമായി ബന്ധപ്പെട്ട് 22 കേസുകളും ടിക് ടോക്കുമായി ബന്ധപ്പെട്ട് 48 കേസുകളും രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

