ജനാബിയയിൽ ടൈലോസ് കാലഘട്ടത്തിലെ അസ്ഥികൂടം കണ്ടെത്തി
text_fieldsഉൽഖനനത്തിനിടെ കണ്ടെത്തിയ ടൈലോസ് കാലഘട്ടത്തിലെ അസ്ഥികൂടം
മനാമ: ബഹ്റൈനിലെ ജനാബിയ പുരാവസ്തു സൈറ്റിൽ നടന്ന ഉൽഖനനത്തിനിടെ, ടൈലോസ് കാലഘട്ടത്തിലെ അസ്ഥികൂടം കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഈ നിർണായകമായ കണ്ടെത്തൽ വെളിപ്പെടുത്തിയത്. 30നും 50നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണ് ഈ അസ്ഥികൂടം.
അസ്ഥികൂടത്തിൽ ഒരു ഒടിവ്, വാർധക്യസഹജമായ സന്ധിവാതത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ, ബാല്യകാലത്ത് സംഭവിച്ച രോഗാവസ്ഥയുടെ സൂചനകൾ എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. നന്നായി സംരക്ഷിക്കപ്പെട്ട ഈ അസ്ഥികൂടം, ദ്രവിച്ചുപോയ നിലയിലുള്ള ദിൽമൂൻ കാലഘട്ടത്തിലെ ഒരു അസ്ഥികൂടത്തിന് മുകളിലായാണ് കണ്ടെത്തിയത്.
ബഹ്റൈൻ കൾചർ ആൻഡ് ആന്റിക്വിറ്റിസ് ഡയറക്ടർ ജനറൽ ഡോ. സൽമാൻ അൽ മഹരി ഈ ശവക്കല്ലറയുടെ ത്രിമാന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രാജകീയ ശവകുടീരങ്ങൾ ഉൾപ്പെടുന്ന ജനാബിയ ബറിയൽ മൗണ്ട് ഫീൽഡിലാണ് നിലവിൽ ഉൽഖനനം നടക്കുന്നതെന്ന് ഡോ. അൽ മഹരി പറഞ്ഞു.
ഈ ശവക്കല്ലറ യഥാർഥത്തിൽ ദിൽമുൻ കാലഘട്ടത്തിൽ നിർമിച്ചതാണ്. പിന്നീട് ഇത് ടൈലോസ് കാലഘട്ടത്തിൽ വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. ശവക്കല്ലറകൾ പുനരുപയോഗിക്കുന്നത് അസാധാരണമായിരുന്നെങ്കിലും ചിലപ്പോഴൊക്കെ അത് നടന്നിരുന്നു. ചില സന്ദർഭങ്ങളിൽ 1000 മുതൽ 2000 വർഷങ്ങൾക്ക് ശേഷമാണ് കല്ലറകൾ വീണ്ടും ഉപയോഗിക്കപ്പെട്ടത്.
ഓക്ക്ലാൻഡ് സർവകലാശാലയിലെ ബയോ ആർക്കിയോളജിസ്റ്റ് ഡോ. കൈറ്റ്ലിൻ സ്മിത്ത് ബഹ്റൈൻ നാഷനൽ മ്യൂസിയം ലാബിലാണ് നരവംശശാസ്ത്ര പഠനം നടത്തിയത്. മൃതദേഹാവശിഷ്ടങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ, പ്രത്യേകിച്ച് ഡി.എൻ.എ സീക്വൻസിങ് ഭാവിയിൽ നടത്താൻ സാധ്യതയുണ്ടെന്ന് ഡോ. അൽ മഹരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

