പാസ്പോർട്ട് സേവനങ്ങളടക്കം ആറ് സർക്കാർ സേവനങ്ങൾ കൂടി ഇനി ഓൺലൈൻ വഴി
text_fieldsമനാമ: വിദേശികൾക്കും സ്വദേശികൾക്കുമുള്ള പാസ്പോർട്ട് സേവനങ്ങളടക്കം ആറ് സർക്കാർ സേവനങ്ങൾ കൂടി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം. പാസ്പോർട്ട് ഡേറ്റകൾ പുതുക്കൽ, അപേക്ഷകളെക്കുറിച്ചുള്ള അന്വേഷണം, പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾ റദ്ദ് ചെയ്യൽ, വിദേശ നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ, നവജാത ശിശുക്കളുടെ പൗരത്വ രജിസ്ട്രേഷൻ അപേക്ഷകളെക്കുറിച്ചുള്ള അന്വേഷണം, നവജാത ശിശുക്കളുടെ പൗരത്വ രജിസ്ട്രേഷൻ അപേക്ഷകൾ റദ്ദ് ചെയ്യൽ എന്നിങ്ങനെ ആറ് സേവനങ്ങളാണ് പുതുതായി പോർട്ടലിൽ ഉൾപ്പെടുത്തിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരം ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്ത് ഡിജിറ്റൽ സംരംഭങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആറു സേവനങ്ങൾ കൂടി bahrain.bh എന്ന പോർട്ടൽ വഴി ആരംഭിച്ചത്. രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലും സുതാര്യവും കാര്യക്ഷമമാവാനുംവേണ്ടിയുമാണ് സർക്കാർ സേവനങ്ങളെല്ലാം ഓൺലൈൻ പോർട്ടലുകളിലേക്ക് മാറ്റിയത്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട ആറു സേവനങ്ങളും നാഷനൽ പാസ്പോർട്ട് ആൻഡ് റെസിഡൻറ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നടപ്പാക്കിയത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി സുഗമവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണിതെന്ന് ദേശീയ, പാസ്പോർട്ട് താമസകാര്യങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ പറഞ്ഞു. പുതുതായി അവതരിപ്പിച്ച സേവനങ്ങൾ ഇടപാടുകൾ ലളിതമാക്കാനും സമയം ലാഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അതുവഴി സേവന കേന്ദ്രങ്ങളിലേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണങ്ങൾക്ക് 17077077 എന്ന നമ്പറിലോ, info@npra.gov.bh എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

