പൊലീസിന്റെ മോശം പെരുമാറ്റം; കേസുകൾ കുറഞ്ഞുവരുന്നതായി എസ്.ഐ.യു റിപ്പോർട്ട്
text_fieldsകഴിഞ്ഞ വർഷങ്ങളിൽ പൊലീസുകാർക്കെതിരെ റിപ്പോർട്ടു ചെയ്യപ്പെട്ട കേസുകളുടെ എണ്ണം
മനാമ: പൊലീസിന്റെ പെരുമാറ്റം കൂടുതൽ സൗഹൃദപരമായി മാറുന്നുവെന്ന് കണക്കുകൾ. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് (എസ്.ഐ.യു) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പൊലീസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള കേസുകൾ കാലക്രമേണ കുറഞ്ഞുവരുന്നതായി കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ ജോലി ദുരുപയോഗം, അമിതമായ ബലപ്രയോഗം, പീഡനം തുടങ്ങി പൊലീസുകാരുടെ ജോലിക്കിടയിലെ പെരുമാറ്റങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കേസുകളും അന്വേഷിക്കുന്ന യൂനിറ്റാണ് എസ്.ഐ.യു. 2024ൽ 39 കേസുകൾ മാത്രമാണ് ഇത്തരത്തിൽ എസ്.ഐ.യുവിന് ലഭിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യൂനിറ്റിന് ലഭിച്ച പരാതികളിൽ 50 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് എസ്.ഐ.യു മേധാവിയും ആക്ടിങ് അഡ്വക്കറ്റ് ജനറലുമായ മുഹമ്മദ് അൽ ഹസ്സ പറഞ്ഞു. കൂടാതെ സംഘടന സ്ഥാപിതമായ 2012 മുതൽ ഇതുവരെയുള്ള കണക്കുകൾ 2024ലെത്തി നിൽക്കുമ്പോൾ 87 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2017ൽ 136 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് 2019ൽ 80 ആയും 2021ൽ 67 ആയും 2023 ൽ 45 ആയും കുറഞ്ഞിരുന്നു.
കേസ് നൽകിയവരിൽ ഒരു സ്ത്രീ മാത്രമാണുള്ളത്. എട്ടുപേർ 18 വയസ്സിന് താഴെയുള്ളവരാണ്. കേസിൽ ചിലത് ക്രിമിനൽ കോടതിയിലും മറ്റു ചിലത് സൈനിക കോടതികളിലും ആഭ്യന്തരവകുപ്പിന്റെ അച്ചടക്ക വകുപ്പിലും എത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചില ഉദ്യോഗസ്ഥരെ തടവിന് വിധിച്ചു. ശാസന, മുന്നറിയിപ്പ്, സ്ഥാനക്കയറ്റം തടയൽ, പിരിച്ചുവിടൽ തുടങ്ങി ചിലർ അച്ചടക്ക നടപടികൾക്ക് വിധേയരാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

