ബഹ്റൈനിൽ ഇന്ന് ഒമ്പത് മണിക്ക് സൈറൺ മുഴങ്ങും
text_fieldsമനാമ: ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് പരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് രാജ്യത്തുടനീളം സൈറൺ മുഴങ്ങുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ ഭാഗമായാണ് എല്ലാ ഗവർണറേറ്റുകളിലും ദേശീയ സൈറൺ സംവിധാനത്തിന്റെ പരിശോധന നടത്തുക.
ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് എക്സിക്യൂട്ടിവ് ഓഫിസ് ആക്ടിങ് മേധാവിയും സിവിൽ എമർജൻസി മാനേജ്മെന്റ് ദേശീയ കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് ഓഫിസ് മേധാവിയുമായ മേജർ ഹമദ് സുബാഹ് സെവാർ ബഹ്റൈൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സൈറൺ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് നടപടി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗം കൂടിയാണ് പരീക്ഷണമുഴക്കം. ദുരന്തനിവാരണത്തിലും രക്ഷാപ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണം കൂടിയാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളിൽ പല സംഭവങ്ങളും ബഹ്റൈൻ സമൂഹം കൂട്ടായ്മയോടെ നേരിട്ടതും ഇനിയും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈറൺ മുഴങ്ങുന്നത് പരീക്ഷണാർഥമാണെന്ന വിവരം പരാമാവധി പേരെ അറിയിക്കണമെന്നും ആ അർഥത്തിൽ ഇത് കൈകാര്യം ചെയ്യണമെന്നും മേജർ ആവശ്യപ്പെട്ടു. പരിശോധനയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

