എസ്.ഐ.ആർ: ശുദ്ധീകരണമല്ല, പുറന്തള്ളലാണ് ലക്ഷ്യം -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി സെൻററിൽ സംഘടിപ്പിച്ച പ്രവാസിസംഗമം പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്യുന്നു
മനാമ: സംഘ്പരിവാറിന്റെ പൗരത്വനിഷേധ പദ്ധതി വളഞ്ഞ വഴിയിൽ നടപ്പാക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഇലക്ഷൻ കമീഷൻ നടത്തുന്നതെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. എസ്.ഐ.ആർ പ്രവാസികൾ എന്തുചെയ്യണം എന്ന പേരിൽ പ്രവാസി സെൻററിൽ സംഘടിപ്പിച്ച പ്രവാസിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ് എസ്.ഐ.ആർ.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്ന് ഭരണ-പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമീഷൻ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശ്യത്തോടെയാണ്. രാജ്യവ്യാപക എസ്.ഐ.ആറിലൂടെ യഥാർഥത്തിൽ നടപ്പാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങൾ മാത്രവുമായിരിക്കും. നീട്ടിവെക്കാൻ മഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതിന്റെ കാരണം ദുരൂഹമാണ്. അസമിൽ എസ്.ഐ.ആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബിഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ ലിസ്റ്റിൽ നിന്ന് പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ശക്തമായ ജനകീയപ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾ ഉൾപ്പെടെയുള്ളവർ വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര് ഉൾപ്പെടുത്താനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ പൗരത്വനഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ആക്ടിങ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസ്സിൽനിന്നുള്ള എസ്.ഐ.ആർ സംബന്ധമായ അന്വേഷണങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

