എസ്.ഐ.ആർ ജനാധിപത്യത്തിനു മേലുള്ള ഭീഷണി -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് യോഗത്തിൽനിന്ന്
മനാമ: രാജ്യത്ത് നടപ്പാക്കപ്പെടുന്ന എസ്.ഐ.ആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർഥ അർഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്ത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്.ഐ.ആർ നടപടികൾ കാണുന്നത്.
എസ്.ഐ.ആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലർക്കും ഒരു മുന്നറിയിപ്പുമില്ലാതെ, യുക്തിസഹമായ വിശദീകരണമില്ലാതെ അവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ തുറന്ന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ദരിദ്രർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളാണ് എസ്.ഐ.ആർ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ദോഷം അനുഭവിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെൽഫെയർ എസ്.ഐ.ആർ ഹെൽപ് ഡെസ്ക് കൺവീനറുമായ അജ്മൽ ഹുസൈൻ പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണം എന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്.ഐ.ആർ നടപടികൾ തകർക്കുന്നത് എന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളിൽ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെത്തന്നെ തകർക്കുന്ന അപകടകരമായ നീക്കമായതിനാൽ എസ്.ഐ.ആർ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാൻ കഴിയില്ല. പ്രവാസി സെന്റർ വഴി നടത്തുന്ന എസ്.ഐ.ആർ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ അജ്മൽ ഹുസൈൻ വിശദീകരിച്ചു.
ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം പറഞ്ഞു. ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

