ഓളം തീർത്ത് ആടിപ്പാടി ഗായകർ
text_fieldsകൗഷിക്, അനുശ്രീ, അരവിന്ദ്, ബൽറാം, നന്ദ എന്നിവർ
മനാമ: സംഗീതം പെയ്തൊഴിഞ്ഞ രാവിൽ ഗായകസംഘം തീർത്തത് അവിസ്മരണീയ രാവ്. കാണികളെ രസിപ്പിച്ചിരുത്തുന്ന അവതരണവുമായി അവതാരകൻ മിഥുൻ രമേശ് വേദിയിലെത്തിയതു മുതൽ വേദിയും സദസ്സും ഉണർന്നുതുടങ്ങിയിരുന്നു. മിഥുൻ ആദ്യമായി വേദിയിലേക്ക് ക്ഷണിച്ചത് അഫ്സലിനെയായിരുന്നു. സദസ്സിനെ ഉണർത്തിക്കൊണ്ട് ഒരു ഭക്തി ഗാനവുമായി തുടങ്ങിയ അഫ്സൽ ആരാധകർക്ക് നൽകിയത് മികച്ചൊരു തുടക്കമായിരുന്നു. പിന്നീട് ഗായിക സിത്താരയുടെ രംഗപ്രവേശനം. തന്റെ പ്രിയപ്പെട്ട പാട്ടുകളാൽ തുടങ്ങിയ സിതാരയെ വീണ്ടും വീണ്ടും കേൾക്കാൻ സദസ്സ് ആഗ്രഹിച്ചുകൊണ്ടിരുന്നു.
ശേഷം വേദിയെയും സദസ്സിനെയും കോരിത്തരിപ്പിച്ച ഇൻട്രോകളുമായെത്തിയ അഞ്ചംഗ സംഘം അക്ഷരാർഥത്തിൽ പരിപാടിയെ വേറൊരു വൈബിലേക്കെത്തിച്ചു. പ്രേക്ഷകർക്കിടയിൽനിന്ന് അപ്രതീക്ഷിതമായി കടന്നുവന്ന കൗഷികിന്റെ എൻട്രിതന്നെയായിരുന്നു മികച്ചുനിന്നത്. പിന്നീട് അരവിന്ദും നന്ദയും അനുശ്രീയും ബൽറാമും വ്യത്യസ്ത ഇൻട്രോയോടെ പ്രേക്ഷരെ ഞെട്ടിച്ചുകൊണ്ടിരുന്നു. അഞ്ചുപേരും ആദ്യമായാണ് ബഹ്റൈനിലെത്തുന്നതെന്ന ഖ്യാതിയും ഈ പരിപാടിക്കുണ്ടായിരുന്നു. അവിസ്മരണീയ സാഹചര്യമൊരുക്കിയ ഗൾഫ് മാധ്യമത്തിനും ഗായകർ നന്ദി പറഞ്ഞു. ശേഷം ആസ്വാദകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 41 സിനിമ നടന്മാരുടെ ശബ്ദങ്ങൾ അനുകരിച്ച അശ്വന്ത് അനിൽകുമാറും വേദിയെ ധന്യമാക്കി.
ഒടുവിൽ വേടന്റെ ശബ്ദവും ഗാനവും അനുകരിച്ച അശ്വന്ത് വേറിട്ടൊരു വൈബാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. രണ്ട് ശബ്ദത്തിൽ പാട്ടുപാടി നന്ദയും മെലഡിയും സൂപ്പർ പാട്ടുകളുമായി മറ്റ് ഐഡിയ സ്റ്റാർ സിങ്ങർ താരങ്ങളും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളുമായി സദസ്സിനെ കുളിരണിയിപ്പിച്ചു. പിന്നീടങ്ങോട്ട് പരിപാടിയുടെ ഗ്രാഫ് ഉയരുന്ന രീതിയിലുള്ള ഗാനങ്ങളുടെ താളമുള്ള ഒഴുക്കായിരുന്നു. ഷോ ഡയറക്ടർ സെർഗോ വിജയരാജിന്റെ വൈദഗ്ധ്യം ആസ്വാദകർക്ക് കണ്ണിനും കാതിനും മനസ്സിനും മനോഹര അനുഭവമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

