ബഹ്‌റൈൻ വിപണിയിൽ വെള്ളി വിലയിൽ വൻ ഇടിവ്
text_fieldsമനാമ: ബഹ്‌റൈനിലെ വെള്ളി വിപണിയിൽ വലിയ വിലത്തകർച്ചയാണ് കഴിഞ്ഞ നാല് മാസങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഒരു കിലോഗ്രാം വെള്ളി ബാറിന് ഏകദേശം 1,000 ബഹ്‌റൈൻ ദീനാറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ വില കുതിച്ചുയർന്ന സമയത്ത് 1,700 ദീനാർ വരെ എത്തിയിരുന്ന ഒരു കിലോ വെള്ളി ബാറിന്റെ വില ഇപ്പോൾ 792 ദീനാറിലേക്ക് താഴ്ന്നു. ആഗോള വിപണിയിലെ വിലയിടിവിനൊപ്പം, വെള്ളിയിലുണ്ടായിരുന്ന നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. വില കുറഞ്ഞിട്ടും വാങ്ങാൻ ആളുകൾ മടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വില ഇനിയും താഴുമെന്ന ഭീതിയാണ് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്. സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളി വിലയിൽ പെട്ടെന്നുള്ള വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, ഉയർന്ന വിലയിൽ വെള്ളി വാങ്ങിയ നിക്ഷേപകർ വലിയ നഷ്ടത്തിലാണ്.
വില കുറഞ്ഞിട്ടും വിപണിയിൽ ആവശ്യക്കാർ വർധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വില പെട്ടെന്ന് കുറഞ്ഞത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയതെന്നും വില കുതിച്ചുയർന്നപ്പോൾ വലിയൊരു വിഭാഗം നിക്ഷേപകർ വെള്ളി വാങ്ങാൻ മുന്നോട്ടുവന്നിരുന്നുവെങ്കിലും, ഇപ്പോഴത്തെ തിരിച്ചടി നിക്ഷേപം എന്ന നിലയിൽ വെള്ളിയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
എന്നാൽ ചിലർ തങ്ങളുടെ കൈവശമുള്ള വെള്ളി വിൽക്കാൻ തയ്യാറെടുക്കുമ്പോൾ, മറ്റു ചിലർ വില തിരികെ കയറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. വെള്ളി വിലയിലുണ്ടായ ഈ മാറ്റം സാധാരണ കാര്യം മാത്രമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരാൻ സാധ്യതയുണ്ടെന്നും വിശ്വസിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

