അധികാര വാഴ്ചക്ക് സിൽവർ ജൂബിലി; ഹമദ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയം വീണ്ടും
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അധികാരവാഴ്ചയുടെ 25 വർഷങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത വെള്ളി നാണയം വീണ്ടും വിൽപ്പനക്ക്. ഹമദ് രാജാവിനോടുള്ള ആദരവിന്‍റെ സൂചനയായാണ് വെള്ളിനാണയങ്ങളിൽ ചിത്രം നൽകി ജനങ്ങൾക്ക് നൽകുന്നത്.
കഴിഞ്ഞ ആഴ്ച ഇതിന്‍റെ ഒന്നാം ഘട്ട വിൽപ്പന നടന്നിരുന്നു. ഇത് രണ്ടാമത്തേയും അവസാനത്തേയും ബാച്ച് നാണയങ്ങളാണ് പുറത്തിറക്കിയത്. 1000 എണ്ണമാണ് രണ്ടാം ബാച്ചിലുണ്ടാവുക. ഇത് വാങ്ങാനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. 125 ദിനാറാണ് ഒരു നാണയത്തിന്‍റെ വില. 62.2 ഗ്രാം ആണ് തൂക്കം. ഇന്നലെ രാവിലെ 11 മുതൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്‍റെ സർവിസ് പേജായ "മവാഇദ്" ആപ്പ് വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
നാണയത്തിന്‍റെ ഒരു വശത്ത് ഹമദ് രാജാവിന്‍റെ ഛായാചിത്രവും സിൽവർ ജൂബിലി ചിഹ്നവും മറുവശത്ത് സാഖിർ പാലസുമാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം, നാണയത്തിന്‍റെ വിൽപ്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) വഴി ജീവകാരുണ്യ സംഘടനകൾക്ക് നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.