രാജ്യത്തെ സർക്കാർ ജോലികളിൽ ബഹ്റൈനികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്
text_fieldsഗാനിം അൽ ബുഐനൈൻ
മനാമ: രാജ്യത്തെ സർക്കാർ ജോലികളിൽ ബഹ്റൈനികളുടെ എണ്ണത്തിൽ ഗണ്യമായ വർധന. വിദേശി നിയമനത്തിന്റെ തോത് കുറച്ചതും സ്വദേശി വത്കരണ പദ്ധതിയോടുള്ള സർക്കാറിന്റെ പ്രതിബദ്ധതയുമാണ് പൊതു സ്ഥാപനങ്ങളിൽ സ്വദേശി നിയമനം വർധിപ്പിച്ചത്. സർക്കാർ തസ്തികകളിൽ നിലവിൽ 35670 ബഹ്റൈനികൾക്ക് സ്ഥിര ജോലിയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആകെ തൊഴിലാളികളുടെ 99.8 ശതമാനത്തോളം വരും. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പൊതുമേഖലയിലെ വിദേശ നിയമനങ്ങളിൽ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനാണ് വിവരങ്ങൾ രേഖാമൂലം അറിയിച്ചത്. 83 ബഹ്റൈനികൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇത് ആകെയുള്ളതിന്റെ 0.2 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഏജൻസികളിലുടനീളം വിവിധ തസ്തികകളിൽ 152 പൗരന്മാർ പാർട് ടൈം അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ വ്യക്തത തേടി പാർലമെന്റിന്റെ നിയമനിർമാണ, നിയമകാര്യ സമിതി ചെയർമാൻ മഹമൂദ് ഫർദാൻ സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കരാർ പ്രകാരം ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 5686 ആയി കുറഞ്ഞിട്ടുണ്ട്. 2019ൽ ഇത് 7582 ആയിരുന്നു. 25 ശതമാനത്തിന്റെ കുറവാണിത്. സേവനങ്ങളുടെ ഗുണ നിലവാരത്തേയോ നടത്തിപ്പിനേയോ ബാധിക്കാത്ത രൂപത്തിലാണ് വിദേശി തൊഴിലാളികളെ ഞങ്ങൾ മാറ്റി സ്ഥാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ യോഗ്യതയുള്ള ബഹ്റൈനി ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകിയാണ് ഇത് നടപ്പാക്കിയത്.
വിദേശികളിൽ അധികവും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണുള്ളത്. 31.5 ശതമാനം പേർ ആരോഗ്യ സംരക്ഷണ മേഖലയിൽ കേന്ദ്രീകരിച്ചപ്പോൾ 59 ശതമാനം പേർ വിദ്യാഭ്യാസ മേഖലകളിലാണുള്ളത്. ബാക്കി 9.5 ശതമാനം മാത്രമാണ് മറ്റു മേഖലകളിലുള്ളതെന്നും മന്ത്രി പറഞ്ഞു. യോഗ്യതയുള്ള ബഹ്റൈനികളുടെ അഭാവമുണ്ടെങ്കിൽ മാത്രമേ ഇനി വിദേശികളെ ഇത്തരം മേഖലകളിൽ നിയോഗിക്കൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

