ബഹ്റൈന്റെ ദേശീയ കയറ്റുമതിയിൽ ഗണ്യമായ വർധന
text_fieldsമനാമ: കയറ്റുമതിയിൽ ഇരട്ട ബില്യണിന്റെ നേട്ടവുമായി ബഹ്റൈൻ. കഴിഞ്ഞ ആറുമാസത്തെ കണക്കുകൾ പ്രകാരം ബഹ്റൈന്റെ ദേശീയ കയറ്റുമതി 2.014 ബില്യൺ ദിനാറിലെത്തിയതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി വ്യക്തമാക്കി. അസംസ്കൃത അലുമിനിയം അലോയികളും അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളുമാണ് ഈ വളർച്ചക്ക് പ്രധാന കാരണം. കയറ്റുമതി ചെയ്ത ഉൽപന്നങ്ങളിൽ ഭൂരിഭാഗവും ലോഹങ്ങളും അടിസ്ഥാന വ്യാവസായിക ഉൽപന്നങ്ങളുമായിരുന്നു.
അസംസ്കൃത അലുമിനിയം അലോയികൾ മാത്രം 572.7 ദശലക്ഷം ദിനാറിന്റേത് കയറ്റുമതി ചെയ്തിട്ടുണ്ട്. ഏറ്റവും ഉയർന്ന മൂല്യം നേടിയതും അലുമിനിയം അലോയികളാണ്. രണ്ടാം സ്ഥാനത്ത് 322.3 ദശലക്ഷം ദിനാറുമായി ഇരുമ്പയിരാണ്. 5.4 ബില്യൺ കിലോഗ്രാമിലധികം ഇരുമ്പയിരാണ് ഇക്കാലയളവിൽ കയറ്റുമതി ചെയ്തത്. അലുമിനിയം അലോയികൾ ഏകദേശം 497 ദശലക്ഷം കിലോഗ്രാമുമായി രണ്ടാം സ്ഥാനത്തും, യൂറിയ ഏകദേശം 449 ദശലക്ഷം കിലോഗ്രാമുമായി മൂന്നാം സ്ഥാനത്തും എത്തി. കണക്കുകൾ പ്രകാരം കയറ്റുമതിയിൽ ബഹ്റൈൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ലോഹങ്ങൾ, രാസവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, സ്ക്രാപ്പ് എന്നിവയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. അലുമിനിയവും സ്റ്റീൽ കോറുകളും ഉപയോഗിച്ച് നിർമിച്ച ഇലക്ട്രിക്കൽ കേബിളുകൾ, ഭാഗികമായി പൂർത്തിയാക്കിയ ഇരുമ്പ്, സ്റ്റീൽ കഷണങ്ങൾ എന്നിവയും കയറ്റുമതിയിൽ ഉൾപ്പെടുന്നു.
രാസവസ്തുക്കളുടെ വിഭാഗത്തിൽ കൃഷിയിൽ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ ഏകദേശം 82 ദശലക്ഷം ദിനാർ മൂല്യമുള്ളതാണ് കയറ്റിയയച്ചത്. വ്യവസായിക ആവശ്യങ്ങൾക്കായുള്ള മെഥനോളും വലിയ അളവിൽ കയറ്റുമതി ചെയ്തു. ഭക്ഷ്യവസ്തുക്കളിൽ സംസ്കരിച്ച ചീസ് ആയിരുന്നു കൂടുതലായി കയറ്റുമതി ചെയ്തത്. ഇരുമ്പയിരിന്റെ ഭൂരിഭാഗവും സമീപത്തുള്ള വിപണികളിലേക്കാണ് പോയത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് മാത്രം 215 ദശലക്ഷം ദിനാറിന്റെ വസ്തുക്കൾ നൽകി. അലുമിനിയവും അനുബന്ധ ഉൽപന്നങ്ങളും യു.എ.ഇ, ജർമനി, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് കൂടുതലും കയറ്റി അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

