ആംഗ്യഭാഷ വിവർത്തനം; ജി.സി.സി തലത്തിൽ പുതിയ നിർദേശവുമായി ബഹ്റൈൻ
text_fieldsബഹ്റൈൻ ഡെഫ് സൊസൈറ്റി പ്രതിനിധികൾ കുവൈത്തിൽ ചർച്ചക്കിടെ
മനാമ: ആംഗ്യഭാഷാ വിവർത്തകർക്കായി ജി.സി.സി തലത്തിൽ പുതിയ നിർദേശം മുന്നോട്ടുവെച്ച് ബഹ്റൈൻ ഡെഫ് സൊസൈറ്റി പ്രതിനിധികൾ. സംഘം കുവൈത്ത് സന്ദർശനവേളയിലാണ് ഇത്തരം ഭാഷകൾ വിവർത്തനം ചെയ്യുന്നവർക്കുള്ള ഔദ്യോഗിക കരാറുകൾ, അവകാശ സംരക്ഷണം, ഏകീകൃത പരിശീലനം എന്നിവ ആവശ്യപ്പെട്ടത്. ബധിരരെയും അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പിന്തുണക്കുന്നതിനുള്ള പൊതുവായ നിയമങ്ങളിൽ ജി.സി.സിയിലെ സ്ഥാപനങ്ങൾക്ക് എങ്ങനെ യോജിക്കാൻ കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് സൊസൈറ്റി ചെയർമാൻ സയ്യിദ് ഹസൻ അൽ ഗുറൈഫി പറഞ്ഞു.
വിവർത്തകരുടെ ജോലികൾ കൈകാര്യം ചെയ്യുന്നതിനുള്ള സാധാരണ ഫോമുകൾ ഉണ്ടാക്കുക, കരാറുകൾ ഔദ്യോഗികമാക്കുക, ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിവയിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്. ഈ നടപടികൾ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതു-സ്വകാര്യ മേഖലകളിൽ വ്യാഖ്യാതാക്കൾക്ക് ശരിയായ സ്ഥാനം നൽകുന്നതിനും സഹായിക്കുമെന്ന് അൽ ഗുറൈഫി പറഞ്ഞു.
കുവൈത്തിലെ സെന്റർ ഓഫ് കമ്യൂണിറ്റി സർവിസ് ആൻഡ് കണ്ടിന്യൂയിങ് എജുക്കേഷനിൽ നടന്ന യോഗങ്ങളിൽ ബഹ്റൈൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു അൽ ഗുറൈഫി. സംഘം കുവൈത്തിലെ മാസ്ട്രിക്റ്റ് സ്കൂൾ ഓഫ് ബിസിനസ് സന്ദർശിച്ച് കേൾവിവൈകല്യമുള്ള യുവജനങ്ങളെക്കുറിച്ചും അക്കാദമികവും പ്രായോഗികവുമായ പദ്ധതികളിലൂടെ അവരെ എങ്ങനെ ജോലിക്കായി തയാറാക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
കമ്യൂണിറ്റി പഠനത്തിലും പരിശീലനത്തിലും സെന്റർ ഓഫ് കമ്യൂണിറ്റി സർവിസ് ആൻഡ് കണ്ടിന്യൂയിങ് എജുക്കേഷന് പ്രധാന പങ്കുണ്ടെന്നും പ്രാദേശിക സഹകരണത്തിന് അടിത്തറയിടാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നെന്നും അൽ ഗുറൈഫി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലുടനീളം ബധിരരെ കൂടുതൽ ഫലപ്രദമായി പിന്തുണക്കുന്നതിനായി ഈ സന്ദർശനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ സൊസൈറ്റി ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

