ട്രാഫിക് പിഴയിളവ് നീട്ടേണ്ടതില്ലെന്ന് ശൂറ കൗൺസിൽ
text_fieldsമനാമ: ട്രാഫിക് പിഴകൾ പകുതിയായി അടച്ചുതീർക്കാനുള്ള സമയപരിധി നീട്ടണമെന്ന നിർദേശം ബഹ്റൈൻ ഷൂറ കൗൺസിൽ വീണ്ടും തള്ളി. ഇതിനുപുറമെ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്ന പുതിയ നിയമത്തിനും കൗൺസിൽ ഇന്നലെ അംഗീകാരം നൽകി. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ‘ഹാഫ് സെറ്റിൽമെന്റ്’ വഴി അടച്ചുതീർക്കാനുള്ള കാലാവധി നിലവിലെ ഏഴുദിവസത്തിൽനിന്ന് 30 ദിവസമായി വർധിപ്പിക്കണമെന്ന നിർദേശമാണ് കൗൺസിൽ നിരസിച്ചത്.
സമയപരിധി നീട്ടുന്നത് ട്രാഫിക് നിയമങ്ങളുടെ ഗൗരവം കുറക്കുമെന്നും നിയമലംഘനങ്ങളെ തടയുന്നതിനെ ബാധിക്കുമെന്നുമാണ് കൗൺസിലിന്റെ വിലയിരുത്തൽ.റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ കർശന നിയമങ്ങളിലെ സ്ഥിരത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേ സമയം, സമഗ്രമായ പുതിയ ‘സ്വകാര്യ സ്കൂൾ നിയമം’ കൗൺസിൽ പാസാക്കി. 1998ലെ കാലഹരണപ്പെട്ട നിയമത്തിന് പകരമായാണ് ഈ പുതിയ നിയമം.നഴ്സറികൾ, കിന്റർഗാർട്ടനുകൾ, വിദേശ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കമ്യൂണിറ്റി സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും. വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണങ്ങൾ കൂടുതൽ ആധുനികവത്കരിക്കാനും നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്.
കൗൺസിൽ ഓഫ് റെപ്രസെന്റേറ്റിവ്സ് സെക്രട്ടേറിയറ്റിന് അവരുടെ ഓഡിറ്റ് ചെയ്ത അന്തിമ അക്കൗണ്ടുകൾ തയാറാക്കി സമർപ്പിക്കാനുള്ള സമയം ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി വർധിപ്പിക്കുന്ന ഭേദഗതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഇത് സാമ്പത്തിക പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

