പിഴ അടയ്ക്കാൻ അധിക സമയം നൽകില്ല; നിർദേശം നിരസിച്ച് ശൂറ കൗൺസിൽ
text_fieldsമനാമ: ഗതാഗത നിയമലംഘനത്തെത്തുടർന്ന് വരുന്ന പിഴകൾ അടയ്ക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണമെന്ന നിർദേശത്തെ നിരസിച്ച് ശൂറ കൗൺസിൽ. പാർലമെന്റ് അംഗീകരിച്ചിരുന്ന സാഹചര്യത്തിൽ ചില എതിർപ്പ് സ്വരങ്ങൾ ഉടലെടുത്തിരുന്നെങ്കിലും നിർദേശം തുടർനടപടികൾക്കായി ശൂറകൗൺസിലിലേക്ക് അവലോകനത്തിന് വിടുകയായിരുന്നു.
കഴിഞ്ഞവർഷം മാത്രം ഗതാഗത നിയമലംഘനങ്ങളിൽ പിടിയിലായത് 470,000 പേരാണ്. ഇവരടക്കം പിഴയൊടുക്കാനുള്ളവർക്ക് നിലവിലുള്ള ഏഴ് ദിവസത്തെ കാലാവധി 30 ദിവസത്തിലേക്ക് മാറ്റാനായിരുന്നു നിർദേശം. എം.പി ഡോ. അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നിർദേശം മുന്നോട്ട് വെച്ചത്. കൂടാതെ നിയമലംഘകർ 30 ദിവസത്തിനുള്ളിൽ പിഴ അടക്കാൻ തയാറായാൽ പകുതി തുകയാക്കി പിഴ കുറക്കണമെന്നും നിർദേശത്തിലുണ്ടായിരുന്നു. കുറ്റക്കാരെ ശിക്ഷിക്കാൻ മാത്രമല്ല വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാനാണ് പിഴകൾ ചുമത്തുന്നത്.
പിഴ അടയ്ക്കൽ വൈകിപ്പിക്കുന്നതിലൂടെ നിയമത്തിന്റെ പ്രതിരോധ സ്വഭാവത്തിന് കോട്ടം സംഭവിക്കും, അത് ഗതാഗത അച്ചടക്കത്തിൽനിന്നും റോഡ് സുരക്ഷയിൽനിന്നും ജനങ്ങളെ മാറ്റിനിർത്താൻ പ്രേരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശൂറ നിർദേശം നിരസിച്ചത്. പിഴകൾ പണം സ്വരൂപിക്കാനുള്ളതല്ലെന്നും തെറ്റായ ഡ്രൈവിങ് പ്രക്രിയകളെ ലഘൂകരിക്കാനുള്ളതാണെന്നും ശൂറ കൗൺസിൽ പ്രതിരോധ, ദേശീയസുരക്ഷ കമ്മിറ്റി അധ്യക്ഷൻ ഡോ. അലി അൽ റുഹൈമി പറഞ്ഞു.
റോഡിലെ വാഹനങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ്. കഴിഞ്ഞ വർഷം മാത്രം 17000 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കിയത്. 2024ൽ രേഖപ്പെടുത്തിയ അപകടങ്ങളുടെ തോതും വലുതായിരുന്നുവെന്നും അതിന്റെയെല്ലാം പ്രധന കാരണം വേഗവും നിയമലംഘനങ്ങളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിർദേശം കൂടുതൽ അന്വേഷണങ്ങൾക്കായി താഴെ കമ്മിറ്റിയിലേക്ക് തതിരിച്ചയച്ചിരിക്കയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.