ഗതാഗത നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി; ഭേദഗതി നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം
text_fieldsമനാമ: വർധിച്ചു വരുന്ന റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിനും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് 2014-ലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്ന 2025-ലെ 30-ാം നമ്പർ ഉത്തരവ് - നിയമത്തിന് ബഹ്റൈൻ ശൂറാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകാരം നൽകി.
പാർലമെന്റ് നേരത്തെ അംഗീകരിച്ച ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കടുത്ത നിയമലംഘനങ്ങൾക്ക് പിഴയും തടവുശിക്ഷയും വർധിക്കും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ തന്നെയാണ് ഭേദഗതി ആവശ്യപ്പെടുന്നത്.
അമിതവേഗത, എതിർദിശയിൽ ഓടിക്കൽ, റെഡ് ലൈറ്റ് മറികടക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നി നിയമലംഘനങ്ങൾക്കാണ് പുതിയ ഭേദഗതികൾ പ്രകാരം ശിക്ഷ വർധിക്കാൻ സാധ്യത. റോഡുകളുടെ വികസനവും വാഹനങ്ങളുടെ വർധനവും അനുസരിച്ച് ഗതാഗത നിയമനിർമ്മാണം ആധുനികവൽക്കരിക്കാനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാ സമിതി റിപ്പോർട്ടർ അലി അൽ അരാദി പറഞ്ഞു.
കൂടാതെ പുതിയ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി അധികൃതർ നിലവിലെ പോയന്റ് സിസ്റ്റം ഉടൻ സജീവമാക്കും. നിലവിലുള്ള കാമറകൾക്ക് പുറമെ 500 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും.
അടുത്ത മാസം അതിന്റെ പൈലറ്റ് ഘട്ടം ആരംഭിക്കും. എന്നാൽ ഡാഷ് ക്യാമുകൾ നിർബന്ധമാക്കാൻ കഴിയില്ലെന്നും ഇവ സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിക്കാമെങ്കിലും സ്വകാര്യത മാനിച്ചുകൊണ്ട് ഇവ തെളിവായി പരിഗണിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അഞ്ച് വർഷം, 2,000 അപകടം, 300 മരണം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,000 ഗുരുതര അപകടങ്ങളിലായി ജീവൻ പൊലിഞ്ഞത് 300 പേർക്ക്. ബഹ്റൈൻ റോഡുകളിലെ ആശങ്കയുണർത്തുന്ന അപകട നിരക്കാണിത്. നിയമം തെറ്റിച്ചുള്ള അമിത വേഗത, റെഡ് ലൈറ്റ് മറികടക്കൽ, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് റോഡപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ആകെ അപകടങ്ങളിലെ 48 ശതമാനവും ഗുരുതര വിഭാഗത്തിൽപ്പെടുന്നവയാണ്. നിലവിൽ പ്രതിവർഷം 400 ഓളം ഗുരുതരമായ അപകടങ്ങൾ നടക്കുന്നു. കൂടാതെ ഡെലിവറി ബൈക്ക് യാത്രികർ നടത്തിയ 6,000 ലംഘനങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 11 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

